ചവിട്ടുനാടക വേദിയിൽ ക്ലിയോപാട്രയുടെ കഥ അവതരിപ്പിച്ച് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ബിഎസ്എസ് ഗുരുകുലം ആലത്തൂർ.
ആലത്തൂർ: പ്രധാന കലോത്സവനഗരിയായ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂൾ മുറ്റത്ത ് കുട്ടികളുടെ കൂട്ടക്കരച്ചിൽ. ഗ്രൗണ്ടിലെ മൂന്നാം സ്റ്റേജിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റിലെ വിധിനിർണയത്തെ ചൊല്ലിയായിരുന്നു പെൺകുട്ടികളുടെ കരച്ചിലുയർന്നത്. പട്ടാമ്പി തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ മത്സര ടീമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച ടീമിന്റെ പരിശീലകരുടെ നാട്ടുകാരാണ് വിധികർത്താക്കൾ എന്നായിരുന്നു പരാതിക്കാരുടെ ആരോപണം. മത്സരങ്ങൾക്കു മുന്നേ ഇക്കാര്യം സംഘാടകരെ അറിയിച്ചിരുന്നതാണെന്നും എന്നാൽ അത് പരിഹരിക്കാതെ മത്സരം നടത്തി മുൻ നിശ്ചയപ്രകാരം നിശ്ചിത ടീമിനു തന്നെ ഫസ്റ്റ് എ ഗ്രേഡ് കൊടുത്തു എന്നാണ് കുട്ടികൾ പറയുന്നത്. രണ്ടാം സ്ഥാനക്കാർക്ക് ഒന്നാം സ്ഥാനക്കാരെക്കാൾ രണ്ടു മാർക്ക് കുറവായിരുന്നെന്ന് വിധികർത്താക്കൾ പറഞ്ഞു.
എന്തുകൊണ്ടാണ് രണ്ടു മാർക്ക് കുറഞ്ഞു എന്നതിന്റെ കാരണം വ്യക്തമാക്കണമെന്നതായിരുന്നു കുട്ടികളുടെ ആവശ്യം. ഇതിന് വിധികർത്താക്കൾ മറുപടി പറഞ്ഞില്ല. ഇതേ തുടർന്ന് പ്രഖ്യാപനം നടന്നയുടൻ സ്കിറ്റിൽ കഥാപാത്രങ്ങളായിരുന്ന കുട്ടികൾ അതേ വേഷത്തിൽ പ്രോഗ്രാം കമ്മിറ്റി ഓഫീസിലേക്ക് ഉറക്കെ കരഞ്ഞുകൊണ്ട് ഓടിയെത്തുകയായിരുന്നു.
സൗജന്യ ഓട്ടോ സവാരിയുമായി റോട്ടറി ക്ലബ്ബും മേഴ്സി ഹോസ്പിറ്റലും
ആലത്തൂർ: റോട്ടറി ക്ലബ്ബും മേഴ്സി ഹോസ്പിറ്റൽ ആലത്തൂരും ചേർന്ന് കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് വിവിധ കലാവേദികളിലേക്ക് യാത്ര ചെയ്യുന്നതിനായി മൂന്ന് ഓട്ടോറിക്ഷകൾ ഏർപ്പെടുത്തി. രാവിലെ 9 മുതൽ രാത്രി 12 വരെ സൗജന്യമായാണ് നൽകിയിരിക്കുന്നതെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് എം. ശിവസ്വാമി, സെക്രട്ടറി എ.പി. ജയരാജൻ അറിയിച്ചു.
മോണോആക്ട് മത്സരം വൈകിയത് രണ്ടര മണിക്കൂർ; മത്സരാർഥികൾ സ്റ്റേജിൽ കുഴഞ്ഞുവീണു
ആലത്തൂർ: പതിമൂന്നാം വേദിയായ ഗുരുകുലം സ്കൂൾ ഹാളിലെ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ട് മത്സരം തുടങ്ങാൻ വൈകിയത് രണ്ടര മണിക്കൂർ. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരങ്ങൾ ആരംഭിച്ചത് പതിനൊന്നരയ്ക്ക്.
മത്സരം തുടങ്ങി ഒന്നാം നമ്പറുകാരി തന്നെ മത്സരത്തിനിടെ സ്റ്റേജിൽ കുഴഞ്ഞുവീണു. പട്ടാമ്പി വട്ടേനാട് ജിവിഎച്ച്എസ് എസിലെ പ്ലസ് ടു കാരി ആർദ്രയാണ് സ്റ്റേജിൽ കുഴഞ്ഞു വീണത്. അപ്പോഴേക്കും അധ്യാപകർ ഓടിയെത്തി കുട്ടിയെ സ്റ്റേജിൽ നിന്നും എടുത്തു കൊണ്ടുവന്ന് പ്രാഥമിക ശുശ്രൂഷ നൽകി മെഡിക്കൽ റൂമിലേക്ക് മാറ്റി. അഞ്ചാം നമ്പറുകാരിക്കും തലകറക്കമുണ്ടായി.
കാറ്റും വെളിച്ചവും കടക്കാത്ത ഇടുങ്ങിയ ഹാളും മത്സരം ആരംഭിക്കാൻ ഏറെ വൈകിയതും കുട്ടികളെ വലച്ചു. എസ്കോർട്ടിംഗ് ടീച്ചർമാരും രക്ഷിതാക്കളും സംഘാടന പിഴവുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഏകാഭിനയ മത്സരത്തിന് സ്റ്റേജിൽ മൂന്ന് മൈക്ക് വേണമെന്ന് മത്സരാർഥികൾ നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നു.
എന്നാൽ അതിനുള്ള ക്രമീകരണങ്ങൾ നടത്തിയില്ല. പതിനൊന്ന് മണിയായപ്പോഴാണ് മൂന്നാമത്തെ മൈക്ക് എത്തിച്ചത്.
അപ്പോഴാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. ടൈമിംഗ് നോക്കാനുള്ള സംവിധാനമില്ലെന്ന്. പിന്നേയും അരമണിക്കൂർ കാത്തിരിപ്പ്.
ഒടുവിൽ എല്ലാം ശരിയായി എന്ന് പറഞ്ഞപ്പോഴും ഓരോ മത്സരത്തിനിടയ്ക്കും മൈക്കുകൾ പ്രശ്നക്കാരായി തലപൊക്കി.
Tags : Arguments protests nattuvisesham local news