ഭൂവുടമകൾ ഭൂമി വിട്ടുകൊടുക്കുന്നില്ലെന്ന് ആക്ഷേപം
നെടുമങ്ങാട്: അരുവിക്കരയിൽ റോഡും ജംഗ്ഷനും വികസി പ്പിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആക്ഷേപം. സ്ഥലം അളന്നു തിട്ടപ്പെടുത്തി നഷ്ടപരിഹാരം കൈപ്പറ്റിയതിനുശേഷം ഭൂമിവിട്ടുകൊടുക്കാൻ സ്ഥലവാസികൾ തയാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഇക്കാരണത്താൽ അലൈന്മന്റും ഓട നിർമണവും മാറിമറിയുകയാണ്. ഒരു വർഷത്തെ നിർമാ ണ കാലയളവ് പൂർത്തിയാകുമ്പോഴും പ്രാരംഭഘട്ടം കടക്കാനായിട്ടില്ല.
അമ്പതിനായിരം മുതൽ 23 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കൈപ്പററിയവരുണ്ട്.പണം കൈപ്പറ്റിയശേഷം സ്വാധീനം ഉപയോഗിച്ച് അലൈൻമെന്റ് തിരുത്താൻ പിഡബ്ലിയുഡി ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് ആക്ഷേപം. 2.20 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതി നിശ്ചയിച്ചിരിക്കെ, പലഭാഗങ്ങളും ഇതു നടപ്പിലാക്കുന്നില്ല. അരുവിക്കര ജംഗ്ഷനിൽനിന്ന് 100 മീറ്റർ മാറി, ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന്റെ എതിർവശത്തു മൂന്നു തവണ ഓട പൊളിച്ചു പണിഞ്ഞിട്ടും പരിഹാരമായിട്ടില്ല. സമാനമായ നിരവധി പരാതികളാണ് ഉയരുന്നത്.
നിർമാണ ജോലികൾ ഇഴയുന്നത് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ വട്ടംചുറ്റിക്കുകയാണ്.ചെളിയും പൊടിയും നിറഞ്ഞ ജംഗ്ഷനിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വ്യാപാരികൾ ബുദ്ധിമുട്ടുന്നുണ്ട്. കാൽനടയാത്രക്കാർക്കുള്ള നടപ്പാത, ഓട, ഡ്രെയിനേജ് സംവിധാനം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, തെരുവു വിളക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും എത്രത്തോളം നടപ്പാകുമെന്ന് അറിയില്ല.
കിഫ്ബിയുടെ ഭാഗമായുള്ള നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് നവീകരണത്തിനു കീഴിൽ അരുവിക്കര ഡാം മുതൽ ഫാർമേഴ്സ് ബാങ്ക് ജംഗ്ഷൻവരെയും അവിടെനിന്നു കണ്ണംകാരം പമ്പ് ഹൗസ് വരെയും നീളുന്നതാണ് ജംഗ്ഷൻ വികസനം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 17.3 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 15 കോടി രൂപ കിഫ്ബി ഫണ്ടും 2.3 കോടി രൂപ ആർ.ആർ. പാക്കേജ് മുഖേനയുമാണ് ലഭ്യമാക്കിയത്. ഭൂമി ഏറ്റെടുക്കൽ 90 ശതമാനം പൂർത്തീകരിച്ചു. വസ്തു ഏറ്റെടുക്കലിനായി 2.5 കോടി രൂപ ചെലവിട്ടു.
68 ഭൂവുടമകൾക്കും പണം നൽകി. ആകെ 19 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിയിൽ നിർമിതികൾ പൊളിച്ചു മാറ്റുന്ന ജോലിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഓട നിർമാണം തുടങ്ങി. കെഎസ്ഇബി, വാട്ടർ അഥോറിട്ടി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായുള്ള തുക കിഫ്ബി കൈമാറി. പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണു നിർമാണ ജോലികളിൽ അനിശ്ചിതത്വണ്ടായത്.കഴിഞ്ഞയാഴ്ച എൻജിനീയറിംഗ്-പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചു ചേർത്ത് നിർമാ ണ പുരോഗതി വിലയിരുത്തിയെന്നും നിശ്ചിത കാലാവധിക്കുള്ളിൽ പണികൾ തീർക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags : Local News Nattuvishesham Thiruvananthapuram