പ്രതീകാത്മക ചിത്രം
ആലപ്പുഴ: സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 29ന് രാത്രി 11:30ന് സുഹൃത്ത് അനിലിനെ ഫോണിലൂടെ വിളിച്ചുവരുത്തിയാണ് വെട്ടി പരിക്കേൽപ്പിച്ചത്.
പാതിരപ്പള്ളി പടിഞ്ഞാറെ ജംഗ്ഷന് തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശം ഇടവഴിയിൽ വെച്ച് അനിലിനെ അസഭ്യം വിളിക്കുകയും കൈയിൽ കരുതിയിരുന്ന കത്തി പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതു തോളിനും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ അഭിജിത്തിനെ, വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലൂടെ മാന്നാർ പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ നോർത്ത് എസ്ഐ ദേവികയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സീനിയർ സിപിഒമാരായ സിദ്ധിക്, വിനയൻ, ആന്റണി രതീഷ്, സിപിഒമാരായ ഗിരീഷ്, സുജിത്ത്, പ്രണവ്, ഹരിപ്പാട് സ്റ്റേഷനിലെ പൊലിസ് ഓഫീസർ ഹരി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.