ആർദ്രയുടെ ചികിത്സയ്ക്കായി ബസ്, ഓട്ടോ തൊഴിലാളികൾ സമാഹരിച്ച തുക കൗൺസിലർ വി.എ. ശ്രീജിത്ത്, കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം എന്നിവർ ചേർന്ന് കുടുംബത്തി
ഫോർട്ടുകൊച്ചി: കാൻസർ ബാധിതയായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന നാലുവയസുകാരി ആർദ്രയുടെ ചികിത്സാ ചെലവിലേക്ക് സഹായവുമായി പള്ളൂരുത്തിയിലെ ഓട്ടോ തൊഴിലാളികളും സ്വകാര്യ ബസ് ജീവനക്കാരും കൈകോർത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ആർദ്ര അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്ത് വാടകവീട്ടിൽ താമസിച്ചാണ് ചികിത്സ തുടരുന്നത്. കുടുംബത്തിന് കൈത്താങ്ങാകാൻ പള്ളുരുത്തി മരുന്ന് കടയിലെ ഓട്ടോ തൊഴിലാളികളും മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരും ചേർന്ന് ധനസമാഹരണം സംഘടിപ്പിച്ചു.
ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ മുഴുവൻ വരുമാനവും സ്വകാര്യ ബസ് ജീവനക്കാർ ഒരു ദിവസത്തെ വേതനവും ചികിത്സാ സഹായനിധിയിലേക്ക് സംഭാവനയായി നൽകി. ഇങ്ങനെ സമാഹരിച്ച 1, 55,555 രൂപയുടെ ചെക്ക് നഗരസഭാ പ്രതിപക്ഷ നേതാവ് വി.എ. ശ്രീജിത്ത്, കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം എന്നിവർ ചേർന്ന് ആർദ്രയുടെ കുടുംബത്തിന് കൈമാറി.
കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഓട്ടോ, സ്വകാര്യ ബസ് തൊഴിലാളികളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Ernakulam