ചുവപ്പും പച്ചയും നിറത്തിലുള്ള വാഴക്കുല.
കായംകുളം: ചെങ്കദളി വാഴക്കുലയിൽ പച്ചയും ചുവപ്പും നിറത്തിൽ വാഴപ്പഴങ്ങൾ വിരിഞ്ഞത് കൗതുകക്കാഴ്ചയായി. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ജമാ അത്തിന്റെ മദ്രസ വളപ്പിലാണ് പ്രകൃതിയുടെ അപൂർവ പ്രതിഭാസം ദൃശ്യമായത്. കൗതുക വാഴക്കുല ലേലത്തിൽ പോയത് 35,000 രൂപയ്ക്കാണ്.
ഇന്നലെ കാപ്പിൽ കിഴക്ക് ജമാ അത്തിൽ പ്രാർഥനയ്ക്കു ശേഷം നടന്ന ലേലത്തിലാണ് വലിയ തുകയ്ക്ക് വാഴക്കുല ഒരാൾ വാങ്ങിയത്.
സസ്യങ്ങൾ വളരുന്ന ഘട്ടത്തിൽ അവയുടെ കോശങ്ങളിലുണ്ടാകുന്ന അപൂർവമായ ജനിതക വ്യതിയാനമാണിതതെന്നും ഒരു തണ്ടിൽ രണ്ടു വ്യത്യസ്ത ജനിതകഘടനയുള്ള കോശങ്ങൾ ഒന്നിച്ച് വളരുമ്പോൾ ഒരേ കുലയിൽത്തന്നെ രണ്ടു നിറത്തിലുള്ള പഴങ്ങൾ ഉണ്ടാകുമെന്നും കൃഷി വിദഗ്ധർ പറയുന്നു.
മാത്രമല്ല ജനിതകമാറ്റം കാരണം രണ്ടു നിറങ്ങളിൽ കാണപ്പെടുന്ന ഇത്തരം പഴങ്ങളുടെ രുചിയിലോ പോഷകഗുണങ്ങളിലോ യാതൊരു മാറ്റവും ഉണ്ടാകാറില്ല. ഇവ സാധാരണ പഴങ്ങളെപ്പോലെതന്നെ സുരക്ഷിതമായി കഴിക്കാവുന്നതാണന്നും വിദഗ്ധർ പറയുന്നു.