തേവലക്കര തെക്കന്‍ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉറിയടി.
ചവറ : അഷ്ടമി രോഹിണിയോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ണാഭമായ ഘോഷയാത്രയും ഉറിയടിയും നടത്തി. തേവലക്കര തെക്കന്‍ഗുരുവായൂര്‍ ശ്രീകൃഷ്മ സ്വാമി ക്ഷേത്രം, ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ചവറ തോട്ടുകര ശ്രൃകൃഷ്ണ ക്ഷേത്രം, തേവലക്കര ആമച്ചിറ ശ്രീകൃഷ്ണ ക്ഷേത്രം, വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുത്തന്‍തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ നിരവധി ഭക്തരെത്തി.
ഉണ്ണിക്കണ്ണന്മാരുടെ വേഷമണിഞ്ഞ കുട്ടികള്‍ വാദ്യമേളത്തിനൊപ്പം ചുവട് വച്ച് ഉറയിടിച്ചു. പലയിടങ്ങളിലും രാവിലെ തുടങ്ങിയ ഉറിയടി രാത്രിയോടെയാണ് സമാപിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കൃഷ്ണ വേഷം, ഗോപികാ നൃത്തം, താലപ്പൊലി, പൂത്താലം, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ശോഭയാത്രയും നടത്തി.
ചവറയില്‍ ചെക്കാട്ട് മുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നല്ല വീട്ടില്‍ മുക്ക് വഴി, കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷം ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. നിരവധി കുട്ടികള്‍ കൃഷ്ണവേഷം അണിഞ്ഞ് ശോഭയാത്രയില്‍ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിലും ബാലഗോകുലം പരിപാടികള്‍ നടത്തി.