പൂവാർ: പൂവാർ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളിൽ ഒന്നായ താമരക്കുളം നാശത്തിന്റെ വക്കിലായിട്ടും വികസന പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് വിനിയോഗിക്കാതെ പൂവാർ പഞ്ചായത്ത് ഒളിച്ചുകളിക്കുന്നതായി നാട്ടുകാരുടെ പരാതി.
കൃഷിക്കും പ്രദേശവാസികൾക്കു കുളിക്കാനും തുണി അലക്കുന്നതിനുമുൾപ്പെടെ ജലം നൽകിയിരുന്ന കുളമാണ് നാശത്തിന്റെ വക്കിലായത്. താമരക്കുളത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിനും കയറുന്നതിനും വേണ്ടി നിർമിക്കാൻ ഉദ്ദേശിച്ച റാമ്പ്, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണത്തിനാണ് പഞ്ചായത്ത് എൻഒസി നിഷേധിക്കുന്നത്. 2025-ൽ നാലു ലക്ഷം രൂപ ബ്ലോക്ക് ഫണ്ട് വിനിയോഗിച്ച് പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് 26-27 പദ്ധതിയിൽ നാലു ലക്ഷം കൂടി ഉൾപ്പെടുത്തി പണി ചെയ്യുന്നതിനാണ് പഞ്ചായത്തിന്റെ എൻഒസി ആവശ്യപ്പെട്ടത്.
വാർഡുമെമ്പറുടെ നിരന്തരമായ ശ്രമത്തിലും പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യത്തെത്തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്നും തുക വകയിരുത്തി പദ്ധതിക്കു നൽകിയത്. എന്നാൽ ആവശ്യമായ രേഖകളും അനുമതി പത്രവും നൽകാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ലെന്നാണ് വാർഡ് നിവാസികളുടെ ആക്ഷേപം.
ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന താമരകുളത്ത് സൈഡ് വാളും റാമ്പും ഇല്ലാത്തത് ഇവിടെ എത്തുന്നവർക്ക് സുരക്ഷാഭീഷണി ഉയർത്തുന്നു ണ്ട്. ഫണ്ട് ലഭ്യമായിട്ടും രാഷ്ട്രീയ വിവേചനം കാരണം അനുമതി വൈകിപ്പിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.