പ്രതീകാത്മക ചിത്രം
അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
അധ്യാപകർക്ക് കൂടുതൽ ജാഗ്രതവേണ്ട കാലം
അധ്യാപകൻ ജോലിക്കാരൻ മാത്രമല്ല, മാർഗദർശികൂടിയാണ്. വെല്ലുവിളിനിറഞ്ഞ ലോകത്ത് അവരെ സത്സ്വഭാവികളാക്കി മാറ്റേണ്ട കടമയും അധ്യാപകർക്കാണ്. ഗുരുനാഥൻമാരുടെ സ്നേഹവും കരുണയുമാണു കുട്ടികളെ പ്രചോദിപ്പിക്കുന്നതും വ്യക്തിത്വത്തെ ശുദ്ധമാക്കുന്നതും. വിദ്യാർഥികൾക്ക് നല്ല മാർക്ക് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു അധ്യാപകനെ അല്ല, അവരെ ചേർത്തണച്ചു മനസിലാക്കിയവരെയാണ് ഓർമകളിൽ സൂക്ഷിക്കുക. അധ്യാപക-വിദ്യാർഥി ബന്ധത്തിൽ വിടവുകളുണ്ട്. സമൂഹത്തിലെ ജീർണതകൾ അധ്യാപകരിലേക്കുമെത്തുന്നുവെന്നത് കൂടുതൽ ജാഗ്രതയുള്ളവരാക്കേണ്ടതാണ്. സമൂഹം മാറുന്പോൾ അധ്യാപകരും മാറും. അധ്യാപകവൃത്തിയുടെ ബാക്കിപത്രം വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും അവരിൽ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്.
ജെയ്മോൻ ജോർജ്, അധ്യാപകൻ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മേലൂർ
പറയണം, നിനക്കു കഴിയുമെന്ന്!
ക്ലാസ് മുറിയിലേക്കു കുട്ടികൾ കൊണ്ടുവരുന്നത് പുസ്തകങ്ങൾ മാത്രമല്ല വീട്ടിലേയും, ചുറ്റുപാടുകളിലെയും സന്തോഷങ്ങളും സംഘർഷങ്ങളും ഭയങ്ങളും സ്വപ്നങ്ങളും പറയാതെ പറയുന്ന ഒരു മനസുകൂടിയാണ്. ആ മനസു വായിച്ചെടുക്കാൻ കഴിയുന്ന അധ്യാപകരാണ് യഥാർഥത്തിൽ കുട്ടിയെ പഠിപ്പിക്കേണ്ടത്. പഠിച്ചത് മറന്നുപോയേക്കാം. തളർന്നുനിന്നപ്പോൾ അധ്യാപകർ പറഞ്ഞ ഒരോ വാക്കും -നിനക്കു കഴിയും- എന്നൊരു വിശ്വാസവും ജീവിതകാലം മുഴുവൻ കുട്ടികളിൽ ശേഷിക്കും. വിവരസാങ്കേതികവിദ്യയുടെ കാലത്ത് അധ്യാപക- വിദ്യാർഥി ബന്ധത്തിൽ അകലമുണ്ടാകുമെന്നതിൽ സംശയമില്ല. വിവരത്തേക്കാൾ വിവേകമുള്ള അധ്യാപകർക്കേ ഇന്നു പിടിച്ചുനിൽക്കാനാകൂ. പരാജയപ്പെടുന്പോഴും ഉയിർത്തെഴുന്നേൽക്കാൻ കഴിയുന്ന മനുഷ്യരെക്കൂടിയാണു സൃഷ്ടിക്കേണ്ടത്.
ശ്രീജ വിധു ; അധ്യാപിക, എംഎഎം ഹയർസെക്കൻഡറി ; സ്കൂൾ, കൊരട്ടി
വീണ്ടെടുക്കാം, ക്ലാസ് മുറിയുടെ ആത്മാവിനെ
ജോലിയും അലങ്കാവുമായി അധ്യാപനത്തെ കാണാൻ തുടങ്ങിയതുമുതലോ വിരൽത്തുന്പിലെ ഇ-ലോകത്തിന്റെ അതിപ്രസരത്തിൽ വീണ്ടുപോയിട്ടോ ആകാം അധ്യാപക- വിദ്യാർഥി ബന്ധത്തിനു തെളിമ നഷ്ടപ്പെട്ടിട്ടുണ്ട്. വർത്തമാനകാല വാർത്തകളിലെ വഴിതെറ്റിയ അധ്യാപകരെക്കുറിച്ചു വായിക്കുന്പോൾ, പൊതുസമൂഹത്തിലെ ജീർണത എവിടെവരെ പടർന്നു എന്നതു ഭയപ്പെടുത്തും. ഹൃദയംകൊണ്ട് പാഠവും ജീവിത മൂല്യങ്ങളും പകർന്നുകൊടുത്ത്, ക്ലാസ് മുറികളുടെ ആത്മാവിനെ അധ്യാപക സമൂഹം വീണ്ടെടുത്തേ മതിയാകൂ.
അന്നമ്മ മീതു, അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊടകര
അറിവ് തിരിച്ചറിവാക്കണം നല്ല അധ്യാപകൻ
ലോകം മുഴുവൻ വിരൽത്തുന്പിലുള്ള ജെൻ സീ ജനറേഷന് അറിവിനായി അധ്യാപകന്റെ ആവശ്യമില്ല. ലഭിക്കുന്ന അറിവ് തിരിച്ചറിവാക്കി മാറ്റാൻ അധ്യാപകന്റെ സാന്നിധ്യം അനിവാര്യമാണ്. സമൂഹത്തിലെ മൂലശോഷണം ബാധിക്കാതെ നോക്കേണ്ടത് അധ്യാപകന്റെ ഉത്തരവാദിത്വമാണ്. സൗഹൃദാന്തരീക്ഷവും തുറന്ന സമീപനവുമാണ് പുതു തലമുറയെ കൈയിലെടുക്കാനുള്ള വഴി. എന്തും ആഘോഷങ്ങളാക്കി മാറ്റുന്ന പുത്തൻ തലമുറ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് രാജ്യാതിർത്തികൾ ഇല്ലാതാകുന്ന കാലഘട്ടത്തിൽ ബിരുദങ്ങൾ വെറും സർട്ടിഫിക്കറ്റിലെ ഗ്രേഡിനപ്പുറം മാനസികവളർച്ചയും അതോടൊപ്പം സമൂഹ ഉന്നതിക്കും ഉതകുന്നതിനായി പ്രയോജനപ്പെട്ടാൽ മാത്രമേ വിദ്യാഭ്യാസം കൊണ്ടുള്ള യഥാർഥ ലക്ഷ്യം നേടി എന്നു പറയാനാകൂ.
നിമ്മി മേപ്പുറത്ത് ; പ്രധാനാധ്യാപിക, ഗവ.ഹയർ സെക്കന്ററി സ്കൂൾ ; എടവിലങ്ങ്
അധ്യാപകന്റെ പെരുമാറ്റവും വിദ്യാർഥികൾക്കു പാഠം
അധ്യാപകന്റെ സന്പാദ്യം ശിഷ്യസന്പത്തും പ്രതിഫലം വിദ്യാർഥിയുടെ ഗുണപരമായ മാറ്റങ്ങളുമാണ്. കുട്ടിയുടെ ചിന്തയെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്ന വെളിച്ചങ്ങൾകൂടി അധ്യാപകർ അറിവിനൊപ്പം കടത്തിവിടുന്നു. കുട്ടിയിലെ കഴിവുകൾ തിരിച്ചറിഞ്ഞു മുന്നേറാനുള്ള കൈത്താങ്ങേകണം. ആൽഫയിൽനിന്ന് ബീറ്റ ജനറേഷന്റെ വക്കിലെത്തി നിൽക്കുന്ന വിദ്യാർഥിസമൂഹത്തെ കൃത്യമായി മനസിലാക്കാനും ഉൾക്കൊള്ളാനും മുൻതലമുറകളെ പ്രതിനിധീകരിക്കുന്ന ഇന്നത്തെ അധ്യാപകർക്ക് കഴിയണം.
സമൂഹത്തിലെ മൂല്യച്യുതികൾ അധ്യാപക സമൂഹത്തിലും പ്രതിഫലിക്കുന്നുണ്ടെന്നതിൽ ആത്മപരിശോധന നടത്തണം. അധ്യാപകന്റെ വാക്കുകളേക്കാൾ, പെരുമാറ്റത്തിൽനിന്നാണ് വിദ്യാർഥികൾ പഠിക്കുന്നത്. സ്വന്തം ജീവിതമാണ് അധ്യാപകന്റെ യഥാർഥ പാഠപുസ്തകം. ഗാന്ധിജിയെപ്പോലെ ജീവിതംതന്നെ സന്ദേശമാക്കാൻ കഴിയണം.
ദേവദാസ് കടയ്ക്കവട്ടം, അധ്യാപകൻ, യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ, മാന്പ്ര
അറിവും മൂല്യങ്ങളും പകരുന്ന വ്യക്തിയാണ് അധ്യാപകൻ
കുട്ടികളിൽ ആത്മവിശ്വാസവും മൂല്യബോധവും മാനവികതയും വളർത്താൻ അധ്യാപകനു കഴിയണം. കുട്ടികളുടെ ചിന്തകളെ ഉണർത്തുവാനും കഴിവുകളെ തിരിച്ചറിയാനും അവരുടെ സ്വപ്നങ്ങൾക്ക് ദിശാബോധം നല്കാനും കഴിയുന്ന രീതിയിലുള്ള മെന്റർ ആകണം പുതിയ കാലത്തെ അധ്യാപകർ.
ഡൊമിനിക് സാവിയോ, പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ, മതിലകം.
കുട്ടികൾക്കു താങ്ങാകണം, കൈപിടിച്ചുയർത്തണം
മറ്റേതൊരു ജോലിയേക്കാളും മികവാർന്നതാണ് അധ്യാപനം. പുതുതലമുറയുടെ ഭാഗമാകാനും മാറ്റങ്ങൾ നോക്കിക്കാണാനും അതിനനുസരിച്ചു മാറാനും അധ്യാപകർക്കു കഴിയണം. തലമുറകളുടെ അന്തരം കുറച്ച് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാകുന്നതാണു പ്രധാനം. സമൂഹത്തിന്റെ പരിഛേദമാണ് ഓരോ സ്കൂളും. അതിന്റെ മാറ്റൊലികൾ തള്ളിക്കളയാനാകില്ല. കുട്ടികളെ അംഗീകരിക്കാനും അവർക്ക് താങ്ങാകാനും കൈപിടിച്ചുയർത്താനും അധ്യാപകർക്കു കഴിയണം.
സിനി എം. കുര്യാക്കോസ്, ഹെഡ്മിസ്ട്രസ്, എപിഎച്ച്എസ്, അളഗപ്പനഗർ
അധ്യാപനരീതികളും സമീപനവും നവീകരിക്കേണ്ടത് അനിവാര്യം
അധ്യാപകനം തൊഴിലാണെങ്കിലും വിദ്യാർഥികളുടെ ജീവിതത്തിനു ദിശ പകരുന്നതിലാണു മഹത്വം. എഐയുടെ കാലത്തും വിദ്യാർഥികൾ അധ്യാപകരെ അംഗീകരിക്കുന്നത് അറിവിനൊപ്പം ഇടപെടലുകളും പെരുമാറ്റവും വിലയിരുത്തിയാണ്. അധ്യാപകരെ ചോദ്യംചെയ്യുന്ന തലമുറ വളർന്നുവരുന്നെന്ന യാഥാർഥ്യം തിരിച്ചറിയണം. ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകി, ഉത്തരം നൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. തലമുറകളുടെ അഭിരുചികളിലെ മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർ സമീപനങ്ങളും അധ്യാപനരീതികളും നവീകരിക്കണം. കാലത്തിനനുസരിച്ച് നവീകരിക്കുന്ന അധ്യാപകരിലൂടെയാണ് ഉത്തരവാദിത്തബോധവും ചിന്താശേഷിയുമുള്ള തലമുറ രൂപ്പെടുന്നത്.
എം.ബി. സജീഷ്, അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ
അധ്യാപകർ വിശ്വസ്തരായ കേൾവിക്കാരാകണം
പുതുതലമുറയിൽ എല്ലാ ബന്ധങ്ങളിലും അകൽച്ച അനുഭവപ്പെടുന്നുണ്ടാകാം. ആത്മബന്ധമില്ലായ്മകൊണ്ടാണത്. അധ്യാപകരോട് ഇന്നത്തെ കുട്ടികൾ അകലുന്നുണ്ടെങ്കിൽ അവർക്കു പ്രിയപ്പെട്ട മറ്റെന്തോ കൂടെയുള്ളതുകൊണ്ടാണ്. കൈവെള്ളയിലേക്കു ലോകം ചുരുങ്ങിയപ്പോൾ അറിവിനും സ്നേഹത്തിനും അധ്യാപകരെ ആവശ്യമില്ലാതായി. മാറിയ സാഹചര്യത്തിൽ അധ്യാപകരും മാറണം. കുട്ടികളെ ചേർത്തുപിടിക്കാം. തലകുന്പിട്ടുപോയ വിദ്യാർഥികളോട് തല ഉയർത്തിപ്പിടിക്കാൻ പറയണം. അധ്യാപകർ വിശ്വസ്തരായ കേൾവിക്കാരാകണം. വിദ്യാർഥികൾ അധ്യാപകരോടൊപ്പമല്ല, അധ്യാപകർ വിദ്യാർഥികൾക്കൊപ്പം സഞ്ചരിക്കണം. ഇന്നലെകൾ നമ്മുടേതായിരുന്നു. ഇന്ന് അവരുടേതാണ്. നാളെകളും.
പ്രവീണ് എം. കുമാർ, അധ്യാപകൻ, എഴുത്തുകാരൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം
വിദ്യാർഥികൾക്ക് ആത്മവിശ്വാസവും സ്നേഹവും പകരണം
അധ്യാപനം ജോലി മാത്രമല്ല, ഒരു തലമുറയെ രൂപപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വമാണ്. അറിവ് പകർന്നുനൽകുന്നതിനൊപ്പം അവരുടെ സ്വഭാവവും ചിന്തയും മൂല്യബോധവും വളർത്തുകയാണു ദൗത്യം. അധ്യാപകൻ വിദ്യാർഥിയുടെ മനസിൽ സൃഷ്ടിക്കുന്ന ആത്മവിശ്വാസവും സ്നേഹവും പാഠപുസ്തകത്തിലെ അറിവിനേക്കാൾ വിലപ്പെട്ടതാണ്. വിദ്യാർഥികൾ നല്ല മനുഷ്യരായി ഉയരുന്നതാണ് അധ്യാപകനു ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം. വർഷങ്ങൾക്കുശേഷം വിദ്യാർഥി അധ്യാപകനെ ഓർത്തെടുക്കുന്പോഴാണ് അധ്യാപകവൃത്തിയുടെ മൂല്യം തിരിച്ചറിയുക. അധ്യാപകദിനമെന്നത് അധ്യാപകരെ ആദരിക്കുന്ന ദിനം മാത്രമല്ല, അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്വവും സ്വയം വിലയിരുത്താനുള്ള അവസരം കൂടിയാണ്.
എസ്. നിലീന, അധ്യാപിക, കെകെടിഎം ജിജിഎച്ച്എസ്എസ്, കൊടുങ്ങല്ലൂർ
കുട്ടികൾ തെരയുന്നത് അവരെ ചേർത്തുനിർത്തുന്നവരെ
അജ്ഞാനാന്ധകാരത്തിൽനിന്ന് ജ്ഞാനാഞ്ജനത്താൽ അകക്കണ്ണ് തുറപ്പിച്ച് ഉൾക്കാഴ്ച പകരുന്ന ഗുരു എക്കാലത്തും ശിഷ്യർക്കു പ്രിയപ്പെട്ടവനാകും. അറിവിനൊപ്പം സ്നേഹവും കരുതലും മൂല്യബോധവും പകരുന്പോഴാണ് അധ്യാപനം പൂർണമാകുന്നത്. അധ്യാപക- വിദ്യാർഥിബന്ധത്തിൽ അകൽച്ചയല്ല, കാലത്തിന്റെ ഇടപെടൽ കൊണ്ടുണ്ടായ രൂപാന്തരമാണു സംഭവിച്ചത്. ഒറ്റപ്പെടലിന്റെയും യാന്ത്രികതയുടെയും ലോകത്ത് കുട്ടികൾ തെരയുന്നത് അവരെ ചേർത്തു നിർത്തുന്നവരെയാണ്. അധ്യാപകർ മനഃശാസ്ത്രപരമായാണ് ഇടപെടേണ്ടത്. കൂടെനിൽക്കാൻ അധ്യാപകരുടെ ശക്തമായ കരങ്ങളുണ്ടെങ്കിൽ ഒരു ലഹരിയും അവരെ അടിമപ്പെടുത്തില്ല. ഒരു നഷ്ടവും അവരുടെ മനോനില തെറ്റിക്കില്ല. ഒരു ഓണ്ലൈൻ ഗെയിമുകളിലും അവർ ജീവൻ കൊരുത്താടില്ല. ജീവിതംകൊണ്ട് മാതൃകയാകാൻ അധ്യാപകർക്കു കഴിയട്ടെ.
ഡോ. ഗീതു പൊറ്റേക്കാട്ട് ; അസിസ്റ്റന്റ് പ്രഫസർ, സെക്രഡ് ഹാർട്ട് കോളജ് ; (ഓട്ടോണോമസ്), ചാലക്കുടി
വളർത്തണം ശാസ്ത്രബോധവും മാനവികതയും
കുട്ടിയെ അറിവുകൾ ശേഖരിക്കാനും അപഗ്രഥിക്കാനും പ്രയോഗിക്കാനും പരിശീലിപ്പിക്കുന്ന ഒരു സഹായി മാത്രമാണ് ഇന്ന് അധ്യാപകൻ. കുട്ടികൾ ഏറെ വ്യത്യസ്തരാണെന്നും എല്ലാവർക്കുംവേണ്ടത് ഒരേ രീതിശാസ്ത്രവുമല്ലെന്ന തിരിച്ചറിവിൽനിന്നാണ് അധ്യാപകനും അധ്യാപനവും ആരംഭിക്കുന്നത്. കേവലം യാന്ത്രികമായ പഴയകാല അധ്യാപനരീതിയിൽനിന്ന് വിദ്യാർഥികേന്ദ്രീകൃതമായ പുതിയ ബോധനശാസ്ത്ര രീതികളാണ് ഇന്നത്തെ വിദ്യാർഥി സമൂഹത്തിനാവശ്യം. വിദ്യാർഥികളെ ശാസ്ത്രബോധത്തിന്റെയും മാനവികതയുടെയും സമാധാനതീരത്തേക്ക് അടുപ്പിക്കുന്ന ഒരു സാമൂഹ്യ എൻജിനീയറായി അധ്യാപകൻ മാറേണ്ടിയിരിക്കുന്നു. കേവലം മാർക്കുമാത്രം തേടിയുള്ള യാത്രയിൽനിന്ന് അറിവും തിരിച്ചറിവുമുള്ള വിശ്വമാനവനെ വളർത്തിയെടുക്കാൻ ആധുനിക സാങ്കേതിക വൈദഗ്ധ്യങ്ങളെ ഉപയോഗിക്കുന്ന തലത്തിലേക്ക് അധ്യാപകസമൂഹം മാറേണ്ടതുണ്ട്. ചരിത്രബോധത്തിന്റെ സ്ഥാനത്ത് ഐതിഹ്യങ്ങളും കെട്ടുകഥകളും മേൽക്കൈ നേടുന്ന സമകാലീന പരിസരങ്ങളിൽ അധ്യാപനം ഏറെ വെല്ലുവിളികൾ നേരിടുന്നു.
പി.വി. ഷിബു, സുവോളജി അധ്യാപകൻ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിക്കാട്
ഗുരുവിനു പകരമാവില്ല ഒരു സാങ്കേതികവിദ്യയും
തലമുറകളെ വെളിച്ചത്തിലേക്കു നയിക്കുന്ന സാമൂഹിക ഉത്തരവാദിത്വമാണ് അധ്യാപനം. ജ്ഞാനത്തോടൊപ്പം നൻമയും മൂല്യവും വളർത്തുന്പോഴാണ് അധ്യാപകവൃത്തി പൂർണമാകുന്നത്. ഡിജിറ്റൽ യുഗത്തിലെ മാറ്റങ്ങളും തിരക്കുകളും അധ്യാപക- വിദ്യാർഥി ബന്ധത്തിൽ അകലം സൃഷ്ടിച്ചതു യാഥാർഥ്യമാണ്. മാധ്യമങ്ങളും സാങ്കേതികവിദ്യയും വളരുന്പോഴും ഗുരു പകരുന്ന നേരിട്ടുള്ള ബോധനത്തിനും മാതൃകയ്ക്കും പകരമാകാൻ കഴിയില്ല. സമൂഹത്തിന്റെ ചിന്തകളും മാറ്റങ്ങളും അധ്യാപകസമൂഹത്തിലും പ്രതിഫലിക്കും. ആത്മാർഥതയും ധാർമികതയും കൈവിടാതെ മുന്നോട്ടുപോകാൻ അധ്യാപകർക്ക് സാധിക്കണം. വിമർശനങ്ങളെ ആത്മപരിശോധനയ്ക്ക് അവസരമാക്കി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ തയാറാകണം.
എസ്. ലക്ഷ്മി, അധ്യാപിക, സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടപ്പുറം
ഗുരുകുല വിദ്യാഭ്യാസം മുതൽ ഗുരു-ശിഷ്യ ആത്മബന്ധം പ്രധാനം
അച്ഛൻ അധ്യാപകനായിരുന്നതുകൊണ്ടും ശിഷ്യഗണങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും സ്നേഹവും ബഹുമാനവും ആവോളം കിട്ടിയതുകൊണ്ടുമാണ് ഞങ്ങൾ നാലു മക്കളിൽ മൂന്നുപേരും അധ്യാപകവൃത്തി തെരഞ്ഞെടുത്തത്. മുന്നിലിരിക്കുന്ന നിർജീവമായ ഫയലുകളെക്കാൾ ആയിരത്തിലധികം ഇരട്ടി സംതൃപ്തി നൽകിയിരുന്നു കുഞ്ഞുങ്ങളോടൊത്തുള്ള തൊഴിൽ. മുൻതലമുറക്കാർക്ക് അറിവ് പരിമിതമായിരുന്നു. അറിയാത്ത കാര്യങ്ങൾ പകർന്നിരുന്നതിനാൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകരോട് ബഹുമാനവുമായിരുന്നു. എന്നാൽ ഇന്ന് വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കാണ്. അധ്യാപകർ ഒരുപടികൂടി മുന്നോട്ടു പോകേണ്ട കാലമാണിത്. അധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധം യാന്ത്രികമാകാതെ സൂക്ഷിക്കാൻ ഈ അധ്യാപകദിനം വഴികാട്ടിയാകട്ടെ.
ടി.എ.രാജശ്രീ , റിട്ട. പ്രധാന അധ്യാപിക, പെരിഞ്ഞനം ഗവ.യുപി സ്ക്കൂൾ.
അധ്യാപക- വിദ്യാർഥി ബന്ധം വേണം
അധ്യാപക- വിദ്യാർഥി ബന്ധം എല്ലാ അധ്യാപക ദിനത്തിലും ചർച്ചയ്ക്ക് വിധേയമാകുന്ന വിഷയമാണ്. ഇന്ന് ഈ ബന്ധത്തിൽ വലിയ വിടവ് അനുഭവപ്പെടുന്നു എന്ന അഭിപ്രായത്തോട് എനിക്കു യോജിപ്പില്ല. ചെറിയ വിടവുണ്ട് എന്നതു യാഥാർഥ്യവുമാണ്. വിദ്യാർഥികളും അധ്യാപകരും തമ്മിൽ നിലനിൽക്കുന്ന തലമുറ വ്യത്യാസത്തെ മറികടക്കാൻ കഴിയുമെന്നുറപ്പ്. വിദ്യാർഥികളുടെ വ്യക്തിത്വത്തെ ഉൾക്കൊണ്ട് ചേർത്തുനിർത്തിയാൽ അവർ അധ്യാപകരെയും ഹൃദയത്തോടു ചേർത്തുനിർത്തുമെന്നതിന് ഒരുപാട് അനുഭവങ്ങളുണ്ട്. അധ്യാപകർക്കിടയിൽ പ്രകടമായിട്ടുള്ള ജീർണതയും ആധുനിക സമൂഹത്തിൽ രൂപപ്പെട്ടിട്ടുള്ള ചില പ്രത്യേകതകളുടെ ഒരു പരിച്ഛേദം എന്നനിലയ്ക്ക് ഉണ്ടായിട്ടുള്ളതാണ്. വിദ്യാർഥികളെ മനസിലാക്കി അവരിലെ കഴിവുകളും മൂല്യങ്ങളും വളർത്തിയെടുക്കാനുള്ള വീക്ഷണവും ശേഷിയും താല്പര്യവുമുള്ള അധ്യാപക സമൂഹത്തിന് നല്ല അധ്യാപക - വിദ്യാർഥിബന്ധം തിരികേ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.
വി.കെ.മുജീബ് റഹ്മാൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, മതിലകം.
Tags : Knowledge NattuVishasham DistrictNews