കല്ലമ്പലം: യുവാവിനെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെട്ട് ഓടിയപ്പോൾ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി പിടിയിൽ. നാവായിക്കുളം പൈവേലിക്കോണം അശ്വതിഭവനിൽ ഹരിദേവ് (29) ആണ് അറസ്റ്റിലായത്. ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ദേഹോപദ്രവമേല്പിച്ച കേസിലും ഹരിദേവ് പ്രതിയാണ്. സംഭവത്തിനുശേഷം ബെംഗളൂരു, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിൽ ഹരിദേവ് ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.
കല്ലമ്പലം, പള്ളിക്കൽ പൊലിസ് സ്റ്റേഷനുകളിൽ നിരവധി കൊലപാതശ്രമകേസുകളിലും മയക്കുമരുന്നു വിപണന കേസുകളിലും പ്രതിയാണ് ഹരിദേവ്. തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം വർക്കല ഡിവൈഎസ്പി പി.വി. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ഡി. ദീപു, ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ ബിജു, എഎസ്ഐ അനൂപ്, സിപിഒ സുനിൽരാജ്, വിനീഷ്, ഉമറുൾ ഫറൂഖ്, സുജിൽ വർക്കല, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസിലെ എഎസ്ഐ വിനോദ്, സിപിഒമാരായ ഡി. ബാലു, ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.