സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാൾ ദിനത്തിൽ ഇടവകയിലെ 80 വയസ് തികഞ്ഞ മാതാപിതാക്കളെയും പ്രതിഭകളെയും ഉന്നത വിജയം നേടിയവരെയും ആദരിക്കുകയും സൺഡേ സ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ച സീറോ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ ആദരിച്ചു. തുടർന്ന് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തി. യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ ഐറേനിയോസ് സൺഡേ സ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം ചെയ്തു.
യൂത്ത് അസോസിയേഷൻ അഖില മലങ്കര വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിനെയും എംജെഎസ്എസ്എ അഖില മലങ്കര സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അവിനേഷ് ഏബ്രഹാം തണ്ടാശേരിലിനെയും 80 വയസ് പൂർത്തിയായ മാതാപിതാക്കളെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ആദരിച്ചു പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കോട്ടയം ആർഡിഒ നിജു കുര്യൻ ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചു. മണർകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂർ എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രഭാഷണം നടത്തും.