ചെറുപുഴയിൽ നടന്ന ബീക്കൺ ടൗൺ പദ്ധതിയുടെ സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെറുപുഴ: കണ്ണൂർ ജില്ലാ ബീക്കൺ ടൗൺ പ്രോജക്ടിന്റെ ഭാഗമായി ചെറുപുഴ ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രോജക്ട് സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ റിസോഴ്സ് പേഴ്സൺ കെ.എം. സോമൻ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ഡി. പ്രവീൺ, ലീന വില്യം, ലളിതാ ബാബു, സെക്രട്ടറി ബിറ്റാജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി അനിൽ കരിച്ചേരി, ജെ. സെബാസ്റ്റ്യൻ, കെ. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വിവിധ സാമൂഹിക സംഘടനകൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങൾ, ക്ലബുകൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കാം. ആദ്യഘട്ടത്തിൽ കാക്കയംചാൽ മുതൽ 500 മീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടങ്ങും. തുടർന്ന് ഘട്ടംഘട്ടമായി ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിനുള്ളിൽ ചെറുപുഴ ടൗണിനെ സമ്പൂർണ മാതൃകാ ടൗണാക്കി മാറ്റുകയാണു ലക്ഷ്യം. ടൗണിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ സ്ഥിതിയും സൗന്ദര്യവത്കരണത്തിനും നഗരസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടലുകളും പഠനവിധേയമാക്കും.
പദ്ധതിയുടെ ഭാഗമായി കാക്കയംചാൽ മുതൽ ചെറുപുഴ മേലെ ബസാർ വരെയുള്ള പ്രദേശങ്ങളെ മൂന്ന് ഭാഗങ്ങളായി തിരിച്ച് നിലവിലുള്ള സ്ഥിതി വിലയിരുത്തി പോരായ്മകൾ പരിഹരിക്കും. ഇതിനായി ഡ്രോൺ ഉപയോഗിച്ചുള്ള സർവേ നടത്തി.
ജില്ലയിലെ പഞ്ചായത്തുകൾ തമ്മിലുള്ള മത്സരാടിസ്ഥാനത്തിലാണു ബീക്കൺ ടൗൺ പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബർ രണ്ടിനു നടക്കുന്ന ചടങ്ങിൽ ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ മാതൃകാ ടൗണായി മാറിയ പ്രദേശത്തെ ജില്ലാ കളക്ടർ പ്രഖ്യാപിക്കും.
Tags : NattuVishesham DistrictNews