കടപ്ലാമറ്റം: പഞ്ചായത്ത് ഏഴാം വാർഡിൽ താമസിക്കുന്ന പുല്ലാട്ട് രാജേഷ്കുമാറി (48)ന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി നാട് ഒരുമിക്കുന്നു. ദീർഘനാളായി അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് രാജേഷ് കുമാറിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിൽ നടത്തിയ വിശദ പരിശോധനയിൽ രാജേഷ്കുമാർ ക്രോണിക് കിഡ്നി ഡിസീസ് സ്റ്റേജ് - 5 രോഗബാധിതനാണെന്നും ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 35 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഭാര്യയും നാലുവയസുകാരനായ മകനും ഉൾപ്പെടുന്ന നിർധന കുടുംബത്തിന് ഈ തുക കണ്ടെത്തുക ദുഷ്കരമായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ജീനാ സിറിയക് ചെയർമാനായും വാർഡ് മെംബർ തോമസ് ആൽബർട്ട് ജനറൽ കൺവീനറായും രാജേഷ്കുമാർ ചികിത്സാ സഹായനിധി ജനകീയ കമ്മിറ്റി രൂപീകരിച്ചു.
ധനസമാഹരണത്തിന്റെ ഭാഗമായി 14 ന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സന്നദ്ധപ്രവർത്തകർ എത്തി സഹായം അഭ്യർഥിക്കും. രാജേഷ്കുമാറിന്റെ ജീവൻ രക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ പൊതുജനങ്ങളുടെ ഉദാരമായ സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Tags : Nattuvishesham Local Desk kidney failing family breakdown