പാലക്കാട്: രമേഷ് പിഷാരടി എംഎൽഎ യുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. മണപ്പുള്ളിക്കാവ് ദുർഗാനഗർ സ്ട്രീറ്റ് ഒന്നിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. വി.കെ. ശ്രീകണ്ഠൻ എംപിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ, വൈസ് പ്രസിഡന്റ് സഫിയ അബു താഹിർ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, പി.വി. രാജേഷ്, എം.എം. ഹമീദ്, സി. ബാലൻ, മുജീബ്, സി. വി. സതീഷ്, പ്രിയ കുമാരൻ, സുധാകരൻ പ്ലക്കാട്ട്, സൈതലവി പൂളക്കാട്, എ.എ. ഇബ്രാഹിം പ്രസംഗിച്ചു.
111 ദിന കർമപരിപാടി പ്രഖ്യാപിച്ച് രമേഷ് പിഷാരടി എംഎൽഎ
പാലക്കാട്: ഓഫീസ് ഉദ്ഘാടനവേളയിൽ 111 ദിന കർമപരിപാടി പ്രഖ്യാപിച്ച് രമേഷ് പിഷാരടി എംഎൽഎ. എംഎൽഎ ആദ്യമായി അനുവദിച്ച ഫണ്ട് പിരായിരി പഞ്ചായത്തിലെ മെട്രോ നഗറിലെ കുടിവെള്ള പദ്ധതിക്കാണ്.
ഇന്നലെമുതൽ 111 ദിനങ്ങളിൽ നിയോജകമണ്ഡലത്തിൽ ചെയ്തുതീർക്കേണ്ടതും ആരംഭിക്കേണ്ടതുമായ പദ്ധതികൾ, മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ 111 ദിന കർമപദ്ധതിയിലൂടെ നടപ്പിലാക്കുമെന്ന് എംഎൽഎ പറഞ്ഞു.
മുൻ എംഎൽഎമാർ തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണത്തിന് പ്രാധാന്യം നൽകും. 111 പദ്ധതികൾ 111 ദിന കർമപരിപാടിയിൽ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്ന് എംഎൽഎ പറഞ്ഞു. കണ്ണാടി പഞ്ചായത്ത് ഓഡിറ്റോറിയം, പിരായിരി പഞ്ചായത്ത് ഓഡിറ്റോറിയം, പിരായിരി നടപ്പാത നിർമാണം, കണ്ണനൂർ-ചുങ്കമന്ദം റോഡ് പ്രവൃത്തികൾ പൂർത്തീകരിക്കാനും മോയൻസ് ഡിജിറ്റലൈസേഷൻ, മെഡിക്കൽ കോളജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും മുൻകൈയെടുക്കുമെന്നും എംഎൽഎ പറഞ്ഞു.
കെഎസ്ആർടിസിയുടെ സിറ്റി ബസ് സർവീസ് ആരംഭിക്കും. നിയോജകമണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.
മൂന്ന് പഞ്ചായത്തുകളിലും നഗരസഭയിലും എംഎൽഎ ജനസന്പർക്ക പരിപാടി നടത്തും.
പരാതികൾ മുൻകൂട്ടി സ്വീകരിക്കുന്നതിന് എംഎൽഎ ഓഫീസിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കും. പിരായിരി പഞ്ചായത്തിലെ കുടിവെള്ളപ്രശ്ന പരിഹാരത്തിനും പാലക്കാട്ടെ നെൽകർഷകരുടെ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിമാരേയും ഉൾപ്പെടുത്തി ഉന്നതതലയോഗം നടത്തി പ്രശ്നം പരിഹരിക്കുന്നതിന് മുൻകൈയെടുക്കുമെന്നും എംഎൽഎ അറിയിച്ചു.
Tags : Nattuvishesham Local Desk Ramesh Pisharat MLA's office opens