നെയ്യാർഡാം: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിൽ പരിസരത്തു ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് വരുന്നു. പദ്ധതിക്കായി 180 ഏക്കർ ഭൂമി കൈമാറി. തുറന്നജയിൽ തേവൻകോട് അനക്സിലാണു ബ്രഹ്മോസ് വരിക. ഇതിനായി സ്ഥലം രജിസ്റ്റർ ചെയ്ത് ഡിആർഡിഒയ്ക്ക് കൈമാറി.
അടിസ്ഥാന വികസന സൗകര്യങ്ങൾ ശരിയാക്കാൻ നടപടി ആരംഭിച്ചു. തുറന്നജയിലിലെ ഭൂമി വിട്ടു നൽകാൻ തടസവാദങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ കോടതിയാണ് അനുമതി നൽകിയത്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനു ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതിയുമുണ്ട്. ഇതിനായി നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
നെട്ടുകാൽത്തേരി തുറന്ന ജയിലിന് 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിനു കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. തേവൻ കോട് അനക്സിൽ പ്രവർത്തിക്കുന്ന ജയിൽ നെട്ടുകാൽത്തേരിയിലേക്ക് മാറ്റും. ജയിൽപുള്ളികളെ മാറ്റാനുള്ള നടപടിയും ആരംഭിക്കും.
300 ളം തടവുപുള്ളികളാണ് തുറന്നജയിലിലും അതിന്റെ അനക്സിലുമുള്ളത്. ഇവർക്കായി ഇനി പ്രധാനജയിലായിരിക്കും ഉണ്ടാകുക. ജയിൽഭൂമി നഷ്ടമാകുന്നതോടെ കൃഷിയിടങ്ങൾ ഇല്ലാതാകും. വാഴ, പച്ചക്കറി, റബർ എന്നിവയാണ് പ്രധാന കൃഷികൾ. പച്ചകറികൾ തുറന്നജയിലും പൂജപ്പുര സെൻട്രൽജയിലുമാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ള മത്സ്യകുളങ്ങളും മിനി അണക്കെട്ടും ഓർമയാകും.
ഇതു പരിഹരിക്കാൻ പ്രധാന ജയിലിൽ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്താനും ആലോചനയുണ്ട്. സ്ഥലത്ത് പച്ചക്കറി ക്യഷി കൂടുതൽ വ്യാപിക്കാനും ശ്രമം നടക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് വരുന്നതോടെ സ്ഥലത്ത് വൻ വികസനം നടപ്പാകും. സമീപ പഞ്ചായത്തുകളായ കള്ളിക്കാട്, കുറ്റിച്ചൽ എന്നിവിടങ്ങളിൽ പ ശ്ചാത്തലസൗകര്യം ഒരുക്കാൻ ഡിആർഡിഒ ശ്രമം തുടങ്ങി.