നാട്ടുചന്തയിൽ വിൽപനയ്ക്കെത്തിച്ച നേന്ത്രവാഴക്കുലകൾ
തൃശൂർ: ഓണം അടുത്തതോടെ പാണഞ്ചേരി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെ നാട്ടുചന്തയിൽ തിരക്കേറി. കാന്താരിമുളകുമുതൽ നേന്ത്രക്കായ വരെ കർഷകർ നേരിട്ടെത്തിക്കുന്ന നാടൻ കാർഷിക ഉത്പന്നങ്ങൾ വൻതോതിലാണ് ഇവിടെ വിറ്റഴിയുന്നത്. കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ടുവിൽക്കാനും ആവശ്യമുള്ള സാധനങ്ങൾ ഇവിടെനിന്നു വാങ്ങാനും കഴിയുമെന്നതാണ് ഈ നാട്ടുചന്തയുടെ പ്രത്യേകത. കർഷകർ കൊണ്ടുവരുന്ന ഉത്പന്നങ്ങൾ കർഷകരും കച്ചവടക്കാരും തമ്മിൽ ലേലം വിളിച്ചാണു വിൽപന നടത്തുന്നത്. ഓണവിപണിയുടെ ആവേശത്തിനൊപ്പം കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ നേട്ടമാകുകയാണ് ഈ നാട്ടുചന്ത.
പാണഞ്ചേരിയിലെയും പരിസരപ്രദേശത്തെയും 405 കർഷകരാണു കന്പനിയിലെ അംഗങ്ങൾ. പാണഞ്ചേരിയിൽ ആറുവരിപ്പാതയോടു ചേർന്നുള്ള വാടകയ്ക്കെടുത്ത രണ്ടരയേക്കർ സ്ഥലത്താണ് നാട്ടുചന്തയുടെ ഭാഗമായുള്ള ഓണച്ചന്തയും പ്രവർത്തിക്കുന്നത്. കർഷകർ വിളവെടുക്കുന്ന ഏത് ഇനവും എത്ര ചെറിയ അളവിലും ഇവിടെ വിറ്റഴിക്കാമെന്ന് മാനേജിംഗ് ഡയറക്ടർ തോമസ് സാമുവലും ചെയർമാൻ ജോണി കോച്ചേരിയും പറയുന്നു. സാധാരണ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ഓണം പ്രമാണിച്ച് അത്തത്തിനുതുടങ്ങി ഉത്രാടത്തലേന്നു വരെ തുറക്കും.
ഇത്തവണ ഓണവിൽപനയിൽ മുന്നിൽനിൽക്കുന്നതു നേന്ത്രവാഴയാണ്. തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് കേരളത്തിലേക്ക് വൻതോതിൽ നേന്ത്രക്കായ എത്താത്തതു പ്രാദേശിക കർഷകർക്ക് മികച്ച ലാഭമായി. കിലോയ്ക്ക് 70 രൂപ വരെ എത്തിയതിനാൽ കർഷകർ പ്രതീക്ഷയിലാണ്.
നാട്ടുചന്തയ്ക്കുപുറമേ ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ എന്നിവയുടെ കാർഷികനഴ്സറി, വിദേശത്തേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന പാക്ക് ഹൗസ് എന്നിവയും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. 2002ലാണു മാർക്കറ്റ് തുടങ്ങിയത്. 2004ൽ ഫാർമേഴ്സ് ക്ലബ് എന്നപേരിൽ ആരംഭിച്ച സംരംഭം 2005ൽ നാളികേര വികസന ബോർഡിന്റെ സഹായത്തോടെ നാളികേര നഴ്സറിയും ആരംഭിച്ചു.
2006ൽ ഗ്രാമദീപം കർഷക ഇൻഫർമേഷൻ സെന്റർ, 2008ൽ തെങ്ങുകയറ്റക്കാരുടെ ക്ലസ്റ്റർ, സ്വയംസഹായ ഗ്രൂപ്പുകൾ എന്നിവ തുടങ്ങി. 2014ൽ നബാർഡിന്റെ നിർദേശപ്രകാരം കന്പനിയാക്കി രജിസ്റ്റർ ചെയ്തു. നബാർഡിനുകീഴിലെ രണ്ടാമത്തെ ബെസ്റ്റ് ഫാർമേഴ്സ് ക്ലബ് അവാർഡ്, 2016ലെ ബെസ്റ്റ് പ്രൊഡ്യൂസർ കന്പനി അവാർഡ് എന്നിവയും നേടി.
ഗുരുവായൂരിൽ ഉത്രാടക്കാഴ്ചക്കുല സമർപ്പണം ചൊവ്വാഴ്ച
ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച്ചക്കുല സമർപ്പണം ചൊവ്വാഴ്ച നടക്കും. തിരുവോണദിനമായ ബുധനാഴ്ച 10000 പേർക്ക് തിരുവോണസദ്യ നൽകുമെന്നും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ശീവേലിക്കുശേഷമാണ് കാഴ്ച്ചക്കുല സമർപ്പണം. കൊടിമരച്ചുവട്ടിൽ ക്ഷേത്രം മേൽശാന്തി ആദ്യ കാഴ്ച്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, കീഴ്ശാന്തി, പാരന്പര്യഅവകാശികൾ എന്നിവർ കുല സമർപ്പിക്കും. തുടർന്ന് ഭക്തർക്കു സമർപ്പിക്കാം. കാഴ്ചയ്ക്കു സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേഗോപുരകവാടം വഴി തെക്കേനട കൂവളത്തിനു സമീപമുള്ള തിടപ്പള്ളി വാതിലിനു സമീപത്തുകൂടി വരിനിൽക്കാനും ഇരിക്കാനും സൗകര്യമൊരുക്കും.
തിരുവോണദിനത്തിൽ രാവിലെ ഒന്പതിനു പ്രസാദഉൗട്ട് തുടങ്ങും. ഉച്ചയ്ക്കു രണ്ടുവരെ നൽകും. തുടർന്ന് ബുഫേ സംവിധാനത്തിൽ നൽകും. കാളൻ, ഓലൻ, എരിശേരി, അവിയൽ, പഴംപ്രഥമൻ, മോര്, കായവറവ്, പപ്പടം, ഉപ്പിലിട്ടത് എന്നിവയാണു വിഭവങ്ങൾ.
അന്നലക്ഷ്മി ഹാളിലും അതിനോടുചേർന്ന പ്രത്യേകം തയാറാക്കിയ പന്തലിലുമാണ് പ്രസാദഉൗട്ട്. അന്നലക്ഷ്മി ഹാളിലേക്കുള്ള വരിസംവിധാനം ക്ഷേത്രക്കുളത്തിനു വടക്കുഭാഗത്ത് ഒരുക്കും. തിരുവോണദിവസത്തെ ആഘോഷങ്ങൾക്കായി 19.10 ലക്ഷമാണു ചെലവിടുന്നത്.
ദർശനനിയന്ത്രണം
പൊതു അവധിദിനങ്ങളായ 25 മുതൽ 28 വരെ രാവിലെ ആറുമുതൽ ഉച്ചതിരിഞ്ഞ് രണ്ടുവരെ വിഐപി, സ്പെഷൽ ദർശനം എന്നിവയ്ക്കു നിയന്ത്രണമുണ്ടാകും.