പൂവാർ: ഇഴജന്തുക്കളുടെ ഭീഷണി ഒഴിവാക്കാൻ കാടുപിടിച്ചു കിടക്കുന്ന പറമ്പുകൾ സ്വന്തം നിലയ്ക്കു വെട്ടിത്തെളിക്കണമെന്ന കോടതി നിർദേശങ്ങൾ തിരുപുറം പഞ്ചായത്തിന് ബാധകമല്ല..!
പൊതുജനത്തിന് ഭീഷണിയായി ഇഴജന്തുക്കളുടെ താവളമായ കനാലിലെ കാടു വെട്ടിത്തെളിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യവും നടപ്പായില്ല. പഞ്ചായത്ത് ഓഫീസിനു കഷ്ടിച്ച് ഒരു കിലോമീറ്റർ മാറി തിരുപുറം - പൂവാർ മേജർ കനാലാണ് നൂറുകണക്കിന് കുടുംബങ്ങൾക്ക് പേടിസ്വപ്നമായത്. വെള്ളമൊഴുക്കില്ലാതെ കാടുകയറിയ കനാലിൽ താമസമാക്കിയ വിഷപ്പാമ്പുകൾ വീടുകളിലേക്കും നടപ്പാതയിലേക്കും കയറാൻ തുടങ്ങിയതാണ് ദുരിതമായത്.
നെയ്യാറിൽനിന്ന് അതിയന്നൂരവഴി തിരുപുറം, പൂവാർ പഞ്ചായത്തിലൂടെ നെയ്യാർ ആറ്റുപുറം വരെ എത്തുന്ന കനാലിനാണ് ഈ ദുർഗതി. വീതിയേറിയതും ആഴമുള്ളതുമായ കനാൽ വൃത്തിയാക്കുന്ന ഉത്തരവാദിത്വം തൊഴിലുറപ്പ് തൊഴിലാളികൾക്കാണെന്ന് മേജർ ഇറിഗേഷൻ വിഭാഗം വാദിക്കുമ്പോൾ കൃത്യസമയത്ത് ഫണ്ട് അനുവദിച്ചു നൽകാൻ ഇറിഗേഷൻ വിഭാഗം തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. നെയ്യാർ ഡാമിൽനിന്ന് തീരദേശ മേഖല ഉൾ പ്പെടുന്ന സ്ഥലങ്ങൾ നനയ്ക്കാൻ ഉദ്ദേശിച്ച് നിർമിച്ച കനാൽവഴി വെള്ളമെത്തിയിട്ട് ഒരു പതിറ്റാണ്ടുകഴിഞ്ഞെന്നാണ് നാട്ടുകാരുടെ വാദം.
അറ്റകുറ്റ പ്പണിക്കെന്നപേരിൽ വർഷങ്ങളായി അതിയന്നൂർഭാഗം കെട്ടിയടച്ച അധികൃതർ അവിടം തുറന്നു നൽകിയില്ല. വെള്ളം കിട്ടാതെ വന്നതോടെതിരുപുറം, പൂവാർ പഞ്ചായത്തുകളിലെ ആയിരക്കണക്കിന്ന് കൃഷിക്കാർ തൊഴിലും ഉപേക്ഷിച്ചു.പരാതികൾ കണക്കിലെടുത്ത് വെള്ളമെത്തിക്കുമെന്ന് ജനത്തി ന് വാഗ്ദാനം നൽകിയ അധികൃതർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം.
പരാതി വർധിച്ചതോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാടുവെട്ടിത്തെളിക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഫലമുണ്ടായില്ല. ബന്ധപ്പെട്ടവരുടെ അലംഭാവം ഒഴിവാക്കി എത്രയും വേഗം കാട് വെട്ടിത്തെളിച്ച് കനാൽ വഴി വെള്ളം എത്തിക്കണമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Thiruvananthapuram