കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ രണ്ടുമാസത്തോളമായി തുടർച്ചയായി കാട്ടാനകളുടെ കടന്നാക്രമണത്തിനെതിരെ സത്വര നടപടികൾ സ്വീകരിക്കുന്നതിനായി കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം ചേർന്നു.
പ്രദേശത്തെ നിരവധി കർഷകർക്ക് കൃഷിനാശവും ജീവനുപോലും ഭീഷണിയായിത്തീർന്ന വിഷയം സംബന്ധിച്ച് ജില്ലാ കളക്ടറെ നേരിൽകണ്ട് വിഷയം അവതരിപ്പിക്കുന്നതിനായി യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് കത്ത് നൽകുകയും ചെയ്യും. ഈ വിഷയം പ്രാദേശിക തലത്തിൽ ചർച്ച ചെയ്യുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സന്നദ്ധസംഘടന പ്രതിനിധികളുടെയും യോഗം നാളെ പഞ്ചായത്ത് ഹാളിൽ ചേരും.
കൂടാതെ ഈ മേഖലയിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കാടുനിറഞ്ഞ ഭൂമിയിൽ കാട്ടാനകൾ തമ്പടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ കാടുവെട്ടി നീക്കുന്നതിനും തീരുമാനമായി. ഈ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി അനുമതി നൽകിയിട്ടുള്ളതിനാൽ അടിയന്തരമായി തെരുവിളക്കുകൾ സ്ഥാപിക്കും.
ജനവാസ മേഖലയിലേക്ക് ആനകളെത്തുന്നത് ജലസേചന വകുപ്പിന്റെ ഡാം റിസർവോയർ നീന്തിക്കടന്നാണ്. റിസർവോയറിലൂടെ ബോട്ട് ഉപയോഗിച്ച് തുടർച്ചയായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനായി വനം വകുപ്പിനോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു. നിലവിൽ വനംവകുപ്പ് നടത്തുന്ന നിരീക്ഷണം രാത്രി മുഴുവൻ തുടരുന്നതിനായി ആവശ്യപ്പെടാനും തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
ആർആർടി സംഘമെത്തി
കൂരാച്ചുണ്ട്: ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആർആർടി സംഘമെത്തി.
കാട്ടാനക്കൂട്ടം പതിവായി ഇറങ്ങുന്ന ഭാഗങ്ങളിലേക്കുള്ള റോഡിലേക്ക് ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മരങ്ങൾ കടപുഴകി വീണും കാടുമൂടിയ അവസ്ഥയിലുമാണ്. ഇതുവഴി ആർആർടി സംഘത്തിന്റെ വാഹനം കടന്നു പോകാൻ കഴിയാതെ വന്നതോടെ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിനീക്കി.
ക്യാപ്റ്റൻ സി.പി. നന്ദകിഷോർ, വൈസ് ക്യാപ്റ്റൻ നിഖിൽ ഷാജു, കോർഡിനേറ്റർ ടി.കെ. അജിത് , റിഹാൻ കൊടുമയിൽ, മെഹ്ബിൻ, ടി.ജി. അഭിരാം എന്നിവർ പങ്കെടുത്തു.
ജാഗ്രതാനിർദേശം നൽകി
കൂരാച്ചുണ്ട്: കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന സാഹചര്യത്തിൽ ഓട്ടപ്പാലം, മണ്ടോപ്പാറ, കാളങ്ങാലി പ്രദേശവാസികൾക്ക് പഞ്ചായത്ത് ജാഗ്രത നിർദേശം നൽകി.രാത്രി എട്ടിനും രാവിലെ രാവിലെ ഏഴിനും ഇടയിൽ പുറത്തിറങ്ങുന്നത് പൂർണമായി ഒഴിവാക്കണം.
ഈ സമയങ്ങളിൽ പുറത്തിറങ്ങേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ വാർഡ് ആർആർടി അംഗങ്ങളെയോ വാർഡ് മെമ്പറെയോ വിവരം അറിയിക്കുക. കാട്ടാനയെ കണ്ടാൽ അടുത്തേക്ക് പോവുകയോ ഫോട്ടോ, വീഡിയോ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.
രാത്രികാലങ്ങളിൽ വീടിന് പുറത്ത് ലൈറ്റുകൾ തെളിച്ചിടുക,അത്യാവശ്യ ഘട്ടങ്ങളിൽ 9656634390, 6282998282,9847399882 നമ്പറുകളിൽ വിളിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു.
Tags : Local News Nattuvishesham Kozhikode