കോട്ടയം: നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയര്‍ന്നതോടെ കെട്ടിട നിര്‍മാണ മേഖലയില്‍ മാന്ദ്യം. ജില്ലയിലുടനീളം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. നാളുകള്‍ക്കു മുമ്പ് ഇതര സംസ്ഥാന തൊഴിലാളികള്‍ വോട്ട് ചെയ്യുന്നതിനായി സ്വന്തം നാടുകളിലേക്കു മടങ്ങിയതോടെയാണ് നിര്‍മാണ മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
ജോലിക്കാരുടെ അഭാവത്തോടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ണമായും നിലച്ചിരുന്നു. ഇതിനു പിന്നാലെ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചു കയറി. തിരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂലി വര്‍ധനകൂടി ആവശ്യപ്പെട്ടതോടെ കെട്ടിട നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതോടെ നിര്‍മാണച്ചെലവ് 25 ശതമാനത്തോളമാണ് ഉയര്‍ന്നത്.
ഗ്ലാസ്, സ്റ്റീല്‍, ഇലക്ര്ടിക്കല്‍ തുടങ്ങിയ സാധനങ്ങള്‍ക്കാണ് വില വലിയതോതില്‍ വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍മാണ സാമഗ്രികളുടെ വിലയില്‍ കുതിച്ചു ചാട്ടമുണ്ടായത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ പിവിസി പൈപ്പുകള്‍ക്കു പോലും വില ഉയര്‍ന്നു. പ്ലംബിംഗ് ഉത്പന്നങ്ങളുടെ വില 60 ശതമാനമാണ് ഉയര്‍ന്നത്.
ഇലക്ട്രിക് ഉത്പന്നങ്ങള്‍ക്കു 40 ശതമാനവും വില ഉയര്‍ന്നിട്ടുണ്ട്.
നിലവിലത്തെ സാഹചര്യത്തില്‍ സിമന്റിനു വില ഉയര്‍ന്നിട്ടില്ലെങ്കിലും ദിവസങ്ങള്‍ക്കുള്ളിൽ വില വര്‍ധിക്കുമെന്നാണ് നിര്‍മാണ മേഖലയിലുള്ളവര്‍ പറയുന്നത്. 50 കിലോഗ്രാം സിമന്റ് ചാക്കിനു 320 മുതല്‍ 460 രൂപവരെയാണ് വിലയീടാക്കുന്നത്. ഇതില്‍ 10 മുതല്‍ 25 രൂപ വര്‍ധിക്കാനാണ് സാധ്യത.
Tags : Nattuvishesham Local Desk construction sector