രാമങ്കരി: പുളിങ്കുന്ന് കൃഷിഭവനു കീഴിലെ ഏക്കർകണക്കിന് വിസ്തൃതിവരുന്ന തെക്കേ മേച്ചേരിവാക്ക പാടത്ത് കൃഷി കഴിഞ്ഞ് തരിശിട്ടതോടെ പുളിങ്കുന്ന് പുത്തേഴും-കൊച്ചാലുംമൂട് റോഡ് വെള്ളത്തിൽ മുങ്ങി. കാലവർഷം ശക്തിപ്പെട്ടതിനു പിന്നാലെ റോഡിൽ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. നാട്ടുകാരുടെയും നൂറുകണക്കിന് വിദ്യാർഥികളുടെയും യാത്ര ഇതോടെ ദുരിതത്തിലായി.
പ്രദേശത്തെ യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി എംഎൽഎ ആയിരുന്ന കാലത്ത് നാട്ടുകാർ നിരവധിത്തവണ നിവേദനങ്ങൾ നല്കിയെങ്കിലും കാര്യമായൊരു ഇടപെടൽ നടത്താൻ അദ്ദേഹമോ പഞ്ചായത്ത് അധികൃതരോ തയാറായില്ല. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യപ്രകാരം ഇതിനോടു ചേർന്നുള്ള നാലു കുടുംബങ്ങൾക്കു മാത്രം പ്രയോജനപ്പെടുന്ന മറ്റൊരു വഴിക്ക് 26 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ഇതോടെ ഈ വഴി പൂർണമായും അവഗണിക്കപ്പെട്ടു.
പ്രദേശത്തെ 35 കുടുംബങ്ങളുടെയും മറ്റു നാട്ടുകാരുടെയും മാത്രമല്ല പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, ലിറ്റിൽ ഫ്ലവർ, മങ്കൊന്പ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളുടെയും യാത്ര ഇതുമൂലം ഏറെ ദുരിതത്തിലായെന്നു പറയാം. നിലവിൽ ഈ റോഡ് മുഴുവൻ വെള്ളക്കെട്ടായി മാറിയതിനാൽ കുട്ടികൾക്ക് സമയത്ത് സ്കൂളിലെത്താനോ പഠിക്കാനോ കഴിയാത്ത സ്ഥിതിയാണ്.
അതിനാൽ പ്രശ്നത്തിൽ ഇടപെടാനും അടിയന്തര പരിഹാരം കാണാനും പുളിങ്കുന്ന് പഞ്ചായത്ത് അധികൃതരെങ്കിലും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റെജി ചെറിയാൻ എംഎൽഎ സ്ഥലം സന്ദർശിച്ച് തങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാനോ തയാറാകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
Tags : Nattuvishesham Local Desk Pulinkunnu Puthezhum Kochalumud Road