തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്ത് കാവൽകൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തെരുവുനായരഹിത പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്നു പിടികൂടിയ നായ്ക്കുഞ്ഞുങ്ങളെ താത്കാലികമായി പാർപ്പിക്കുന്നതിനായി നിർമിച്ച ഡോഗ് ഷെൽട്ടർ ഷെഡിന്റെ ഉദ്ഘാടനം നടൻ ഗോപാലൻ അടാട്ട് നിർവഹിച്ചു.
പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജിൽ പ്രവർത്തിക്കുന്ന ബാരിസ്റ്റർ ക്ലബ്ബാണ് ഷെൽട്ടർ സ്പോണ്സർ ചെയ്തത്. നായ്ക്കുഞ്ഞുങ്ങളെ ഇവിടെ താത്കാലികമായി സംരക്ഷിക്കുകയും പിന്നീട് വളർത്താൻ താൽപര്യമുള്ളവർക്കു കൈമാറുകയും ചെയ്യും. ഗ്രാമപഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമഗ്ര തെരുവുനായനിയന്ത്രണ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കാവൽകൂട്ടായ്മയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര, ബാരിസ്റ്റർ ക്ലബ് ഭാരവാഹികളായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, അഡ്വ. മൗനീഷ്, അഡ്വ. ജനീഷ് ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ഡി. വിൽസണ്, രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സോഫി സുനിൽ, അജിത കൃഷ്ണൻ, ജിനോ ജേക്കബ്, എം.എസ്. സദാശിവൻ, പി.ജെ. സണ്ണി, കാവൽകൂട്ടായ്മ പ്രസിഡന്റ് സിനോയ് അടാട്ട് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local Desk Street dog shelter opens