കുമരകം: കുമരകത്തെ ടൂറിസം രംഗത്തെ പ്രധാന ആകര്‍ഷണമായ മണ്‍സൂണ്‍ ടുറിസത്തിന് പശ്ചിമേഷ്യന്‍ യുദ്ധം തിരിച്ചടിയായി. യുദ്ധത്തെ തുടര്‍ന്നു വിമാന യാത്രാക്കൂലിയിലുണ്ടായിരിക്കുന്ന വര്‍ധനയാണു വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്നാണ് ടൂറിസം മേഖലയുള്ളവരുടെ വിലയിരുത്തല്‍.
വിദേശീയരായ വിനോദസഞ്ചരികളുടെ മുന്‍കൂര്‍ ബുക്കിംഗ് തീരെയില്ലായിരുന്നു. അറബ് സീസണ് ഇക്കുറി നഷ്ടപ്പെടുമെന്ന ആശങ്കയും ഏറെയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ കുവൈറ്റ്, ദുബായ്, സൗദി, ഒമാന്‍, ബഹറിന്‍ എന്നിവിടങ്ങളില്‍നിന്നും മാസങ്ങള്‍ക്കു മുമ്പേ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള ബുക്കിംഗ് പോയ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഈ സീസണില്‍ ബുക്കിംഗ് തീര്‍ത്തും കുറഞ്ഞിരിക്കുന്നു.
അന്യ സംസ്ഥാനക്കാരായ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയത് ആശ്വാസകരമായി കരുതുന്നു. ട്രാവല്‍ ഏജന്റുമാര്‍ ശുഭപ്രതീക്ഷയാണ് റിസോര്‍ട്ടുകള്‍ക്കും വന്‍കിട ഹോട്ടലുകള്‍ക്കും പങ്കുവയ്ക്കുന്നത്. മണ്‍സൂണ്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ വിദേശ വിനോദസഞ്ചാരികള്‍ കേരളത്തില്‍ പറന്നിറങ്ങുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പാക്കേജിനൊപ്പം നിരക്കുകളും കുറച്ചിട്ടുണ്ട്.
അടുത്തകാലത്തായി ടൂറിസം രംഗം മറ്റുപല പ്രതിസന്ധികളും അഭിമുഖീകരിക്കുന്നു. പാചകവാതകത്തിനും പെട്രോള്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തതാണു പ്രധാന വെല്ലുവിളി. ഇത് ടൂറിസം രംഗത്തുള്ളവരുടെ വരുമാനം കുറയ്ക്കുകയും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. പ്രതിസന്ധി നേരിടാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നു. ജോലിക്കാര്‍ക്കുള്ള ആഹാരം പാകം ചെയ്യുന്നത് വിറകടുപ്പിലാണ്. ദോശ, പൊറോട്ട തുടങ്ങിയവ ഒഴിവാക്കി.
തന്തൂരി വിഭവങ്ങള്‍ക്കാണു പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് ഗ്യാസ്, എണ്ണ എന്നിവയുടെ ചെലവ് ഒഴിവാക്കാന്‍ സഹായിക്കുന്നു. വേമ്പനാട്ടു കായല്‍ സവാരിക്കായി ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി സംതൃപ്തിയോടെ യാത്രയാക്കാനാണ് ശ്രമമെന്ന് ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രസിഡന്റ് സലിം എം. ദാസ് പറഞ്ഞു.
Tags : Nattuvishesham Local Desk Western war hits monsoon tourism