പാലാ: നഗരസഭാ ചെയര്‍പേഴ്സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ കത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്നു നീക്കി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു.
കോണ്‍ഗ്രസ് വിമതയായി തെരഞ്ഞെടുക്കപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയിലെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിയ്ക്കക്കണ്ടത്തിലില് വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, റിയ ചീരാംകുഴി, ടോണി തൈപ്പറമ്പില്‍, രജിത് പ്രകാശ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.
നഗരസഭാ ഭരണസഖ്യം തുടരണോ എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാകും തന്റെ നിലപാടെന്നും അതുവരെ താന്‍ സഖ്യത്തിനൊപ്പമായിരിക്കുമെന്നുമാണ് സെബാസ്റ്റ്യന്‍ പനയ്ക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിലപാട് അറിയിച്ചത്. ഈ നിലപാട് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ പൊതു വികാരത്തിനെതിരായതോടെയാണ് സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്.
പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പരിഹാര മാര്‍ഗം തേടി മാണി സി. കാപ്പന് എംഎല്‍എയുടെ വസതിയില്‍ ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് രാത്രി വൈകിയും ചര്‍ച്ച നടക്കുകയാണ്. യുഡിഎഫ് യോഗമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചെയര്‍പേഴ്സണ്‍ അടക്കം സ്വതന്ത്ര മുന്നണി അംഗങ്ങളും യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്, കെഡിപി അംഗങ്ങളുമായാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് വൈകിയാണ് എത്തിയത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെ ഈ മാസം നടക്കാനിരിക്കുന്ന നഗരസഭാ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടിയാകും. ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന മായാ രാഹുലിന് പകരം സ്വതന്ത്ര കൂട്ടായ്മയെ നയിക്കുന്ന ബിനു പുളിയ്ക്കക്കണ്ടത്തിലിനാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പദവി എന്നാണ് യുഡിഎഫ്, സ്വതന്ത്രകൂട്ടായ്മ സഖ്യത്തിലെ മുന്‍ ധാരണ.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത് ബിനുവിന്റെ താല്പര്യത്തിന് തടസമാകും.
നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ചതും ബിനുവിന് തിരിച്ചടിയായി. വൈസ് ചെയര്മാന് പദവിയിലേക്ക് ബിനുവിനെ പിന്തുണയ്ക്കില്ലെന്നും പകരം കോണ്‍ഗ്രസ് പ്രതിനിധിയെ നിശ്ചയിച്ചാലേ താന്‍ സ്ഥാനം ഒഴിയൂ എന്നുമാണ് മായാ രാഹുലിന്റെ നിലപാട്. ബിനുവിനെ വൈസ് ചെയര്മാന് ആക്കുന്നതില്‍ കോണ്‍ഗ്രസിനും താത്പര്യമില്ലെന്നാണ് അറിയുന്നത്.
ഇത് മുന്‍കൂട്ടി കണ്ടാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ മൂന്നും കെഡിപിയുടെ ഒരംഗവും ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരെ സ്വതന്ത്ര കൂട്ടായ്മ ഒപ്പം ചേര്‍ത്ത് വിലപേശല്‍ ശക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് എതിരായതിനാല്‍ വൈസ് ചെയര്മാന് പദവിയിലേക്ക് ബിനു വരുന്നതിന് തടസമാകും. അങ്ങനെ വന്നാല്‍ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫ് സഖ്യം ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ഇത് നഗരസഭയില്‍ യുഡിഎഫിനുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തും.
26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ പാര്‍ട്ടി പാര്‍ലമെന്ററി സമിതിയില്‍ ചേര്‍ന്നതോടെ യുഡിഎഫ് 11, സ്വതന്ത്ര കൂട്ടായ്മ മൂന്ന് എന്നിങ്ങനെയാകും കൗണ്‍സിലിലെ അംഗബലം. സ്വതന്ത്ര കൂട്ടായ്മയ്ക്കൊപ്പം ചേര്‍ന്ന യുഡിഎഫിലെ നാല് അംഗങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ യുഡിഎഫിന്റെ അംഗബലം ഏഴായി ചുരുങ്ങും.
എംഎൽഎയുടെ വീട്ടിലെ ചർച്ചയിൽ നാടകീയ രംഗങ്ങള്‍
പാലാ: നഗരസഭയിലെ യുഡിഎഫ് പ്രതിസന്ധി പരിഹരിക്കാന്‍ മാണി സി. കാപ്പന് എംഎല്‍എയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നാടകീയ രംഗങ്ങള്‍. എംഎല്‍എയെ കൂടാതെ യുഡിഎഫ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, കോണ്‍ഗ്രസ് നേതാക്കളായ ഫില്‍സണ്‍ മാത്യൂസ്, ബിജു പുന്നത്താനം, പ്രഫ. സതീഷ് ചൊള്ളാനി, എം.എന്‍. സുരേഷ്, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
ആദ്യം ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയാണ് അവരുടെ നിലപാടുകള്‍ വിശദീകരിച്ചത്. ആ സമയം കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുത്തില്ല. പിന്നീട് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ അവരുടെ നിലപാടുകള്‍ നേതാക്കള്‍ക്കു മുമ്പില്‍ വിശദമാക്കി. രാത്രിയോടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എംഎല്‍എയുടെ വസതിയിലെത്തിയത്. ആറ് കോണ്‍ഗ്രസ് അംഗങ്ങളില്‍ അഞ്ചു പേരും എത്തിയിരുന്നു.
സ്വതന്ത്രരെ പിന്തുണയ്ക്കില്ല:കേരള കോണ്‍ഗ്രസ്-എം
പാലാ: നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയുമായി ചേര്‍ന്ന് ഒരു തരത്തിലുമുള്ള ധാരണ ഉണ്ടാക്കുകയോ പിന്തുണ സ്വീകരിക്കുകയോ നല്‍കുയോ ചെയ്യില്ലെന്ന് കേരള കോണ്‍ഗ്രസ്-എം. പാലാ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് 10 അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ്-എം. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടന്‍ ദൂതന്മാര് മുഖേന സ്വതന്ത്ര മുന്നണി സമീപിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. നഗരസഭയിലെ പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തിലും മാറ്റമില്ലെന്ന് കേരളകോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അറിയിച്ചു.
സ്വതന്ത്രരായി നില്ക്കും: ബിനു പുളിക്കക്കണ്ടം
പാലാ: പാര്‍ലമെന്ററി പാര്‍ട്ടി കൂടാതെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആലോചിച്ചാണ് എല്ലാ തീരുമാനവും എടുത്തതെന്നും ബിനു പുളിക്കക്കണ്ടം. ആറ് മാസക്കാലം യുഡിഎഫ് പിന്തുണ നല്കി. യുഡിഎഫിനോട് പിന്തുണയും കടപ്പാടും ഉണ്ടായിരിക്കും. മറ്റാരുടെയും വോട്ട് വാങ്ങി വിജയിക്കുകയോ വിജയിപ്പിക്കുകയോ ചെയ്യില്ല. യുഡിഎഫിന് വിശ്വാസമില്ലെങ്കില്‍ സ്വതന്ത്ര നിലപാടോടെ നിലകൊള്ളുമെന്നും ബിനു പറഞ്ഞു.
Tags : Nattuvishesham Local Desk Congress Parliamentary Party Pala Nagar Sabha