കബനി നദിയില്‍ നിന്ന് പിടിച്ച മത്സ്യങ്ങള്‍ വാഹനത്തില്‍ കയറ്റുന്നു.
പുല്‍പ്പള്ളി: കാലവര്‍ഷം ശക്തമായതോടെ കബനി നദിയില്‍ മീന്‍പിടിത്തം സജീവമായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ കബനിനദി നിറഞ്ഞു കവിഞ്ഞതോടെ കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള പുഴയുടെ തീരങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മീന്‍ പിടിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.
മഴക്കാലം ശക്തമായതോടെ ബീച്ചനഹള്ളിയില്‍നിന്ന് മീന്‍ കയറ്റമുണ്ടായതോടെ മീന്‍ പിടിക്കാനെത്തുന്നവര്‍ക്ക് രണ്ട് ദിവസമായി ചാകരയാണ്. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും വാഹനങ്ങളില്‍ കൂട്ടമായെത്തി മീന്പിടിക്കുന്നവരുമുണ്ട്.
രാപകല്‍ ഇവിടെ താമസിച്ച് മീന്‍പിടിക്കുന്നവരും നിരവധിയാണ്. വിവിധയിനം വലകളുപയോഗിച്ചാണ് മീന്‍ പിടിത്തം. ഇടയ്ക്ക് ചൂണ്ടക്കാരുമുണ്ട്. ചെറുതും വലുതുമായ പലവിധ മത്സ്യങ്ങളാണ് വലയില്‍ കുടുങ്ങുന്നത്. പ്രധാനമായും കട്ല, രോഹു, തിലോപ്പിയ, ഗ്രാസ്കാര്‍പ്പ്, വിവിധതരം പരലുകള്‍ ഉള്‍പ്പടെയുള്ള മീനുകളാണ് ലഭിക്കുന്നത്.
രാത്രിയില്‍ പിടിക്കുന്ന മത്സ്യങ്ങള്‍ പുലര്‍ച്ചെതന്നെ മൊത്തമായി വാങ്ങാന്‍ ഇതരജില്ലകളില്‍ നിന്നുപോലും നിരവധി മത്സ്യക്കച്ചവടക്കാരാണ് ഇവിടെയെത്തുന്നത്. മീന്‍പിടുത്തം കാണുന്നതിനും മത്സ്യം വാങ്ങുന്നതിനുമായി എത്തുന്നവരും നിരവധിയാണ്.
Tags : Local News Nattuvishesham Wayanad