നിര്‍മാണം മുടങ്ങിക്കിടക്കുന്ന ചങ്ങനാശേരി കെഎസ്ആര്‍ടിസി ടെര്‍മിനല്‍.
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണത്തിനുള്ള രണ്ടുകോടി രൂപ അനുവദിച്ചു. നിര്‍മാണ ജോലികള്‍ 15ന് പുനരാരംഭിക്കും. നിര്‍മാണത്തിനായി ചൈനയില്‍നിന്ന് എത്താനുള്ള സ്റ്റീല്‍ സാമഗ്രികള്‍ ഒരു മാസത്തിനകം എത്തിച്ചേരും. നവംബര്‍ അവസാനം നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് ഡിപ്പോ ഉദ്ഘാടനം ചെയ്യും. വിനു ജോബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.
ഓണക്കാലത്തെ നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒരു മാസക്കാലം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറിയിറങ്ങും. തിരുവല്ലയില്‍നിന്ന് കോട്ടയത്തേക്കു പോകുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് കോട്ടയത്തേക്ക് പോകണം. കോട്ടയത്തുനിന്ന് തിരുവല്ല ഭാഗത്തേക്കു പോകേണ്ട ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അര്‍ക്കാലിയ ഹോട്ടലിനു മുമ്പിലൂടെയുള്ള ചെറിയ റോഡിലൂടെ ടിബി റോഡിലെത്തി മുനിസിപ്പല്‍ ജംഗ്ഷനില്‍നിന്നു തിരിഞ്ഞുപോകത്തക്കവിധമാണ് ക്രമീകരണം ആലോചിക്കുന്നത്.
ഇതിനു മുന്നോടിയായി സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കുന്നതിന് അത്യാവശ്യമായ നടപടികള്‍ ചെയ്യും. നഗരസഭാധ്യക്ഷന്‍ ജോമി ജോസഫ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എംഡി എസ്. ഷാജു, വൈസ് ചെയര്മാന് സുരേന്ദ്രന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
റെയില്‍വേ ഫ്ലൈഓവര്‍ എസ്എച്ച് ജംഗ്ഷനപ്പുറത്തേക്ക് ദീര്‍ഘിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും
റെയില്‍വേ ജംഗ്ഷനിലെ ഫ്ലൈഓവര്‍ എസ്എച്ച് ജംഗ്ഷന് കടന്നുപോകുന്ന വിധം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും.
പടിഞ്ഞാറന്‍ ബൈപാസ് പദ്ധതിയുടെ ഡിപിആര്‍ എടുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിനു ജോബ്
എംഎല്‍എ
Tags : Local News Nattuvishesham Kottayam