ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ് രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് വിദ്യാര്‍ഥികൾ വികസിപ്പിച്ച കാമ്പസ് കോമ്പസ് വെബ് ആപ്പ് എക്സിക്യൂ
ഇരിങ്ങാലക്കുട: ക്യാമ്പസിനുള്ളില്‍ എവിടെയാണ് ക്ലാസ് മുറി? അധ്യാപകന്റെ മുറി ഏത് നിലയില്‍? ലൈബ്രറിയിലേക്കുള്ള വഴി എവിടെ? ഇനി ഇത്തരം ചോദ്യങ്ങളുമായി കാമ്പസില്‍ വഴിതേടി നടക്കേണ്ട. കാമ്പസിനെ കൈയിലെത്തിക്കുന്ന കാമ്പസ് കോമ്പസ് ഒരുക്കിയിരിക്കുകയാണ് ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍.
കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് വിദ്യാര്‍ഥികളായ അകാന്‍ഷ റോസ് ജോസ്, ആര്‍ച്ച് എസ്. കുമാര്‍, ആദിത്യ സി. ഷാജി, ഗൗരി രാജേഷ് മേനോന് എന്നിവരാണ് നൂതന നാവിഗേഷന്‍ വെബ് ആപ്പ് വികസിപ്പിച്ചത്.
കോളജിലെത്തിയ ആദ്യവര്‍ഷത്തില്‍ കാമ്പസിലെ വിവിധഇടങ്ങള് കണ്ടെത്തുന്നതിനും വിവിധ വകുപ്പുകളിലെ അധ്യാപകരുടെ മുറികള്‍ കണ്ടെത്തുന്നതിന് നേരിട്ട ബുദ്ധിമുട്ടാണ് പദ്ധതിക്ക് വിത്തുപാകിയത്. വിദ്യാര്‍ഥികള്‍ നേരിട്ട ഈ ദൈനംദിന പ്രശ്നത്തിന് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തണമെന്ന ആശയമാണ് പിന്നീട് ക്യാമ്പസ് കോമ്പസ് എന്ന പദ്ധതിയായി വളര്‍ന്നത്. ക്യാമ്പസിനുള്ളിലെ വിവിധ കെട്ടിടങ്ങളിലേക്കുള്ള വഴികള്‍ കൃത്യമായി കാണിക്കുന്നതിനൊപ്പം ഉപയോക്താവ് സഞ്ചരിക്കുന്ന പാത ട്രാക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും.
നാവിഗേഷനില്‍ മാത്രം ഒതുങ്ങുന്നതല്ല ക്യാമ്പസ് കോമ്പസിന്റെ ലക്ഷ്യം. ഭാവിയില്‍ അധ്യാപകരുടെ ടൈംടേബിളുമായി ആപ്പ് സംയോജിപ്പിച്ച് ഒരു നിശ്ചിതസമയത്ത് അധ്യാപകന് കാബിനില്‍ ലഭ്യമാണോ എന്ന് വിദ്യാര്‍ഥികള്‍ക്ക് ആപ്പിലൂടെ തന്നെ പരിശോധിക്കാനാകുന്ന സംവിധാനം കൂടി ഒരുക്കുകയാണ് സംഘത്തിന്റെ അടുത്തലക്ഷ്യം.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. ടി. സോളമന് എന്നിവര്‍ പദ്ധതിയെ അഭിനന്ദിച്ചു. ഐഇഡിസി, സിസിഇ നോഡല്‍ ഓഫീസറും മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ അശ്വതി പി. സജീവ് പദ്ധതിക്ക് മെന്ററിംഗ് നല്കി.
Tags : Nattuvishesham DistrictNews