ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ 5 എറണാകുളം ജില്ലാതല ഉദ്ഘാടനം
കൊച്ചി: കുഞ്ഞുമനസുകളിലെ സ്നേഹനിറങ്ങൾ കളർ ഇന്ത്യയുടെ കാൻവാസുകളിലേക്കു പെയ്തിറങ്ങി.... വരകളിൽ വർണങ്ങൾ ചാലിച്ച് അവരൊരുക്കിയതു ദേശസ്നേഹത്തിന്റെ ആകാശങ്ങളിൽ പുത്തൻ മഴവില്ലഴക്.
ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ 5 എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് സർഗാത്മകതയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും ആഘോഷമായി. ജില്ലയിലെ 840 സ്കൂളുകളിലായി ലക്ഷത്തിലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലാണു കളർ ഇന്ത്യയുടെ ജില്ലാതല ഉദ്ഘാടനം നടന്നത്. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യപ്രതിബദ്ധതയോടെ 140 വർഷങ്ങൾ പൂർത്തിയാക്കിയ ദീപിക, വിദ്യാർഥികളിൽ ദേശസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരാൻ സംഘടിപ്പിക്കുന്ന കളർ ഇന്ത്യ കേരളത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിജ്ഞാനപീഠം സ്കൂൾസ് മാനേജർ ഫാ. ഡോ. ബിജു ആന്റണി തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവിസ് വിദ്യാർഥികൾക്കു ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഗ്രാമപഞ്ചായത്തംഗം ലില്ലി സെബാസ്റ്റ്യൻ, വിജ്ഞാനപീഠം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ബിനിത മാത്യു, ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മിസ്ട്രസ് ഫ്രിനി പോൾദാസ്, ഹെഡ്ബോയ് സ്റ്റെഫാൻ എസ്. പൈനാടത്ത്, ദീപിക കൊച്ചി സീനിയർ സർക്കുലേഷൻ മാനേജർ ബിനോ വർഗീസ് എന്നിവർ പ്രസംഗിച്ചു.
‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്ന സന്ദേമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം സംഘടിപ്പിച്ചത്.
കെജി, എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് സ്കൂൾ, ജില്ലാതലങ്ങളില്‍ ആകർഷകമായ സമ്മാനങ്ങളും നൽകും. സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകൾ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കും.
Tags : Nattuvishesham Districtnews Colors India