ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിൽ നൂറു കോടിയിലധികം രൂപയുടെ ഇൻഷ്വറൻസ് തുക വക മാറ്റി ദുരുപയോഗം നടത്തിയതായി ആക്ഷേപം. ഇതു സംബന്ധിച്ചും മെഡിക്കൽ കോളജിലെ അനധികൃത നിയമനം സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യം ശക്തമാകുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട ഇൻഷ്വറൻസ് തുക വകമാറ്റിയതു സംബന്ധിച്ചും 2016 മുതൽ എച്ച്ഡിഎസ് മുഖാന്തിരം നടന്ന അനധികൃത നിയമനങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.
2020 മുതൽ 2026 മാർച്ച് വരെ സ്റ്റേറ്റ് ഹെൽത്ത് അഷ്വറൻസ് മുഖേന പാവപ്പെട്ട രോഗികൾക്ക് നൽകാൻ ഏകദേശം 350 കോടി രൂപ ലഭിച്ചതിൽ നിന്ന് നൂറ് കോടിയിലധികം രൂപ കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് എച്ച്ഡിഎസിൽ അനധികൃതമായി നിയമിച്ച ദിവസവേതനക്കാർക്ക് ശമ്പളം നൽകാൻ ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
മെഡിക്കൽ കോളജിലെ ചികിത്സക്ക് പാവപ്പെട്ടവർക്കും വൻതുക ആവശ്യമായി വരുന്നു. പണമില്ലാത്തതിനാൽ ചികിത്സ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഇൻഷ്വറൻസ് സംബന്ധിച്ച് റിലയൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ 2020ൽ അവസാനിച്ച ശേഷമാണ് രോഗികൾക്ക് ഇൻഷ്വറൻസ് തുക ലഭിക്കാതായത്. അനധികൃതമായി രാഷ്ട്രീയ നിയമനം നേടിയവർക്ക് ശമ്പളം നൽകാൻ ഇൻഷ്വറൻസ് തുക വകമാറ്റിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എം. മുരളി പരാതിയിൽ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam