കൊച്ചി: പണയത്തിന് ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളത്തുള്ള ഹെക്സാര്‍ക്ക് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
പരാതിയിൽ പറയുന്നത്: എറണാകുളം ഇടപ്പള്ളിയിലുള്ള ട്രിനിറ്റി കാസില്‍ ഫ്ളാറ്റ് രണ്ടു വര്‍ഷത്തേക്ക് പണയത്തിന് നല്‍കാമെന്നും കരാർ പ്രകാരം കാലാവധി കഴിയുമ്പോള്‍ നല്കിയ പണത്തിന്റെ 50 ശതമാനവും കമ്പനിയുടെ ഇന്സ്പെക്ഷന് കഴിഞ്ഞ് 30 ശതമാനവും ഫ്ളാറ്റിന്റെ താക്കോല്‍ തിരികെ നല്കുമ്പോള് 20 ശതമാനവും നല്‍കാമെന്നും പറഞ്ഞ് പരാതിക്കാരനില്‍നിന്ന് ഹെക്സാര്‍ക്ക് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാർ പണം കൈപ്പറ്റി.
2025 ഫെബ്രുവരി എട്ടു മുതല്‍ 15 വരെയുള്ള കാലയളവില്‍ പല തവണകളായിട്ടാണ് പണം കൈപ്പറ്റിയത്. തുടര്‍ന്ന് പരാതിക്കാരന് ഫ്ളാറ്റില്‍ താമസിച്ചുവരവെ, ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമ എത്തി, ഹെക്സാര്‍ക്ക് കമ്പനി ഫ്ളാറ്റിന്റെ വാടക വൈകി നല്കുന്നതിനാല് ഇവിടെ താമസിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതിക്കാരന് ഫ്ളാറ്റ് ഒഴിഞ്ഞുകൊടുത്തെങ്കിലും പണം ലഭിക്കാതെ വന്നതോടെയാണ് പോലീസിനെ സമീപിച്ചത്.