മലപ്പുറം: കൊളത്തൂർ എഎൽപി സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സുരക്ഷിതമായും ആത്മാഭിമാനത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി.
സ്കൂൾ മാനേജരിൽനിന്നുമുണ്ടാകുന്ന കഠിനമായ തൊഴിലിട പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക നൽകിയ പരാതിയിലാണ് നടപടി. സ്കൂൾ മാനേജർ നടത്തിയിട്ടുള്ളത് ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യം, അന്തസ്, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എന്നിവയുടെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.
പ്രധാനാധ്യാപികയുടെ ഇരിപ്പിടത്തിന് മുകളിൽ സിസി ടിവി സ്ഥാപിച്ച് നിരീക്ഷിക്കുന്നതും ശൗചാലയ സൗകര്യം നിഷേധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഉത്തരവിൽ പറഞ്ഞു. ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ ജോലി ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കുന്നതും വാഹനം ഉപയോഗിച്ച് പ്രധാനാധ്യാപികയുടെ മുറിയുടെ കവാടം തടസപ്പെടുത്തുന്നതും പരാതിക്കാരിയെ തടഞ്ഞുവയ്ക്കുന്നതും ഗുരുതര കുറ്റകൃത്യമാണ്. മാനേജർ ഇത്തരം നടപടികൾ ആവർത്തിച്ചാൽ പരാതിക്കാരിക്ക് മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകാം.പരാതി ലഭിച്ചാൽ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ മാനേജർക്കെതിരേ ബന്ധപ്പെട്ട പോലീസ് എസ്എച്ച്ഒക്ക് പരാതി നൽകണം.
മനുഷ്യാവകാശ കമ്മീഷനിലും മറ്റ് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിലും പരാതി നൽകിയതിന്റെ പേരിൽ മൂന്നുമാസത്തിനുള്ളിൽ വിരമിക്കുന്ന പരാതിക്കാരിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികളോ പെൻഷൻ ആനുകൂല്യങ്ങൾ തടയുന്നതോ ഉണ്ടാകില്ലെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ഉറപ്പു വരുത്തണം.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഉത്തരവിന്റെ പകർപ്പ് ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷനും അയച്ചു.
Tags : nattu vishesham Complaint alleging Human Rights Commission