ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി ബർണാഡിനെ കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളും സന്ദർശിച്ചപ്പോ
വൈപ്പിന്‍: പൊതു ആവശ്യത്തിനായി ഞാറക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി ബെര്‍ണാഡിനെ സ്റ്റേഷന് ഓഫീസര്‍ കൈയേറ്റം ചെയ്ത് ആക്ഷേപിച്ച് ഇറക്കി വിട്ടതായി പരാതി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
എളങ്കുന്നപ്പുഴ സ്കൂളിന് സമീപത്തെ ജെറമിയാസ് പാലിയേറ്റീവ് ക്ലിനിക്കില്‍ ബന്ധുക്കളില്ലാതെ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് പോലീസിന്റെ എൻഒസി ആവശ്യപ്പെട്ടാണ് ബെന്നി സ്റ്റേഷനിൽ എത്തിയത്. ഇതിനു തൊട്ടുമുമ്പ് പാലിയേറ്റീവ് കെയറിലെ ഉത്തരവാദിത്തപ്പെട്ട ജീവനക്കാരന് എൻഒസിക്കായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ അത് തങ്ങളുടെ ചുമതലയല്ലെന്ന് പറഞ്ഞ് സ്റ്റേഷന് ഓഫീസര്‍ മടക്കി വിട്ടതായാണ് ആരോപണം.
ഇതേത്തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായം നേടി. പ്രസിഡന്റ് സ്റ്റേഷനിലെത്തിയപ്പോഴും ജീവനക്കാരനോട് പറഞ്ഞ ഭാഷ്യം തന്നെയായിരുന്നു പൊലിസ് പറഞ്ഞതെന്നാണ് ആരോപണം. പ്രശ്നത്തിന് പരിഹാരമില്ലാതെ സ്റ്റേഷൻ വിട്ടു പോകില്ലെന്ന് പ്രസിഡന്റ് നിലപാടെടുത്തു. തുടർന്ന് പ്രസിഡന്റിനെയും പാലിയേറ്റീവ് ക്ലിനിക്കിലെ ജീവനക്കാരനെയും മുറിയിൽ നിന്ന് പുറത്താക്കാന്‍ എസ്എച്ച്ഒ കീഴുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജീവനക്കാരനെ പോലീസുകാര്‍ പുറത്താക്കിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് പോകാൻ കൂട്ടാക്കിയില്ല.
തുടർന്ന് എസ്എച്ച്ഒ പ്രസിഡന്റിനെ കഴുത്തിന് കുത്തിപ്പിടിച്ച് സ്റ്റേഷന് വെളിയിൽ തള്ളിയെന്നാണ് പരാതി. കഴുത്തിനു പരിക്കേറ്റ പ്രസിഡന്റ് ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞ് പഞ്ചായത്ത് അംഗങ്ങളും കോൺഗ്രസ് നേതാക്കളും ആശുപത്രിയിൽ തടിച്ചുകൂടി. പൊതു ആവശ്യങ്ങൾക്കായി എത്തുന്ന ജനപ്രതിനിധികളോട് മോശമായി പെരുമാറുന്ന പൊലിസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ പ്രതികരിച്ചു.
ആരോപണം അടിസ്ഥാനരഹിതം: പൊലിസ്
വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ എസ്എച്ച്ഒകൈയേറ്റം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പൊലിസ്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ എൻഒസി നൽകാൻ കഴിയില്ലെന്ന് പറഞ്ഞു. എന്നാൽ ഇതുകൂട്ടാക്കാതെ ഉടനടി എൻഒസി കിട്ടണമെന്ന് പ്രസിഡന്റ് ശഠിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Tags : NattuVishesham DistrictNews