കുമരകം കോട്ടത്തോട്ടിലെയും ചന്തത്തോട്ടിലെയും പോള നീക്കം ചെയ്യലിന് നേതൃത്വം നൽകിയ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ.
കുമരകം: കോട്ടത്തോട്ടിലും ചന്തത്തോട്ടിലും തിങ്ങി നിറഞ്ഞ പോളയും മാലിന്യങ്ങളും കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു. കാലവർഷമാരംഭിച്ചെങ്കിലും തോട്ടിലെ നീരൊഴുക്ക് പോളയും മാലിന്യങ്ങളും തടസപ്പെട്ടിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ വലിയ ബുദ്ധിമുട്ടാണ് നേരിട്ടുകൊണ്ടിരുന്നത്. വള്ളത്തിന്റെയും യന്ത്ര സഹായത്തിലും രണ്ടു ദിവസത്തെ പ്രയത്നം കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ തടസങ്ങൾ നീക്കി പോള ഒഴുക്കിവിട്ടത്.
പോളകൾ തിങ്ങി ഒഴുക്കു തടസപ്പെടുന്നത് കുമരകത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കും. തടസം നീക്കിയതിനാൽ പോള കടലിലേക്ക് ഒഴുകി നശിക്കുകയും വെള്ളം കൂടുതൽ ശക്തിയോടെ ഒഴുകിപ്പോകുകയും ചെയ്യും. പഞ്ചായത്ത് അംഗങ്ങളായ ജോഫി ഫെലിക്സ്, സലിമ ശിവാത്മജൻ, ദിവ്യ ദാമോദരൻ, ടിറ്റു ലൂയിസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ എസ്. പിള്ള, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി സുരാജ് കാട്ടുശേരി, സന്ധ്യാ പ്രദീപ് എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നാണ് പോള നീക്കം ചെയ്തത്.
Tags : Local News Nattuvishesham Kottayam