കോട്ടയം: ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്നു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ ജില്ലയിലെ വില 985.95 രൂപയാണ്. സിലിണ്ടര്‍ വീട്ടിൽ എത്തിച്ചുനല്കുമ്പോള് സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ നൽകേണ്ടിവരും. നിത്യോപയോഗ സാധനങ്ങള്‍ക്കും മത്സ്യ, മാംസങ്ങള്‍ക്കും വിപണയിലുണ്ടായ വിലക്കയറ്റത്തിനു പുറമെയാണ് സിലിണ്ടറിനു വില വര്‍ധിച്ചിരിക്കുന്നത്.
അടിക്കടിയുണ്ടാകുന്ന വിലവര്‍ധനയില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നതു വീട്ടമ്മമാരാണ്. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു സിലിണ്ടര്‍ കഷ്ടിച്ച് ഒരു മാസമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
സിലിണ്ടര്‍ ബുക്കിംഗിനു സമയപരിധി വര്‍ധിച്ചതോടെ ഏതാനും നാളുകളായി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതലോടെയാണ് ഗ്യാസ് ഉപയോഗിച്ചു പാചകം ചെയ്യുന്നത്. കുതിച്ചു കയറുന്ന വിലക്കയറ്റത്തില്‍നിന്നു രക്ഷനേടുന്നതിനായി നല്ലൊരു ശതമാനം വീട്ടമ്മമാരും ഇന്‍ഡെക്ഷന്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിക്ഷിച്ചു വരികയാണ്. നഗര മേഖലയിലുള്ള വീട്ടമ്മമാരാണ് ഇലക്ട്രിക് സംവിധാനങ്ങളെ ആശ്രയിക്കുന്നത്. സോളാര്‍ സംവിധാനമുള്ള വീടുകളില്‍ ഇന്‍ഡെക്ഷന്‍ കുക്കറുകള്‍ യഥേഷ്ടം ഉപയോഗിക്കാമെങ്കിലും സോളാറില്ലാത്ത സ്ഥലങ്ങളില്‍ വൈദ്യുതി ബില്ല് കുത്തനെയുയരും. ഇതിനിടെ മഴക്കാലമായതോടെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കവും ചില്ലറ ബുദ്ധിമുട്ടുകളല്ല സൃഷ്ടിക്കുന്നത്.
മൂന്നു മാസത്തില്‍ കൂട്ടിയത് 89 രൂപ
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വിലവര്‍ധനയാണിത്. ഇതിനു മുമ്പു മാര്‍ച്ച് ഏഴിന് സിലിണ്ടറിന് 60 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതടക്കം വര്‍ധിച്ചത് 89 രൂപയാണ്. പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍വരികയും ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസങ്ങളാണ് വില വര്‍ധിപ്പിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വില പരിഷ്കരണത്തിന് മുമ്പു ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികള്‍ക്ക് ഏകദേശം 703 രൂപയുടെ നഷ്ടം ഉണ്ടാകുന്നതായാണ് വ്യവസായ വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇപ്പോഴത്തെ വര്‍ധന ഈ നഷ്ടം ഭാഗികമായി മാത്രമേ പരിഹരിക്കൂവെന്നാണ് കമ്പനകള്‍ വാദിക്കുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ന്നും വില വര്ധവുണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പാചകവാതകത്തിന് പുറമെ മേയ് പകുതി മുതല്‍ ഇതുവരെ പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് 7.50 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. സിഎന്‍ജി വിലയിലും കിലോഗ്രാമിന് ആറു രൂപയുടെ വര്‍ധനയുണ്ടായി. ഇത്രയും വില കൂട്ടിയിട്ടും പെട്രോളിന് ലിറ്ററിന് 11 രൂപയും ഡീസലിന് 33.6 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്.
വിറകടുപ്പുകള്‍ സജീവമായി
നാളുകള്‍ക്കു മുമ്പു പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ അവസരത്തില്‍ സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. നിരവധിയാളുകള്‍ ദിവസങ്ങളോളം കാത്തിരുന്നാണ് സിലിണ്ടര്‍ ബുക്ക് ചെയ്തത്. തുടര്‍ന്നു മണിക്കുറുകളോളം ഏജന്‍സിയില്‍ ക്യു നിന്നാണ് പലരും പുതിയ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്. ഈ അവസരത്തില്‍ നിരവധി വീട്ടമ്മമാര്‍ വിറകടുപ്പിലേക്ക് മടങ്ങിയിരുന്നു. ഈ സമയത്ത് ഇന്‍ഡക്ഷന്‍ കുക്കറുകളുടെയും ഇലക്ട്രിക് കെറ്റിലുകളുടെ വില്പനയും വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ഇതോടെ വൈദ്യുതി ഉപയോഗത്തില്‍ വീട്ടമ്മമാര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബിയും രംഗത്തത്തിയിരുന്നു. ഇതോടെ ഗ്രാമീണ മേഖലകളിലെ വീട്ടമ്മമാര്‍ മുന്‍കാലങ്ങളിലെ പോലെ പുരയിടത്തിലിറങ്ങി വിറകും ശേഖരിച്ചിരുന്നു. മഴക്കാലം മുന്നില്‍ കണ്ടു വിറകുകള്‍ ശേഖരിച്ചു നനയാതെ സൂക്ഷിച്ചവരുമുണ്ട്.
സിലിണ്ടറിനു വില വീണ്ടും കൂട്ടിയതോടെ ഏതാണ്ട് ഭൂരിഭാഗം വീട്ടമ്മമാരുടെയും പാചകം പൂര്‍ണമായും വിറകടുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിനു വിറക് കിട്ടാത്തതും പ്രതിസന്ധിയാണ്. സിലിണ്ടര്‍ പ്രതിസന്ധിയ്ക്കിടയില്‍ വിറകിനു വില വര്‍ധിച്ചിരുന്നു. ഇതോടൊപ്പം ചിരട്ടയ്ക്കും വലിയ തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ചിരുന്നു.
കഴിഞ്ഞതവണ പാചകവാതക വില വര്‍ധിപ്പിച്ചതു മുതല്‍ പുകയില്ലാത്ത അടുപ്പിന്റെയും മണ് അടുപ്പുകളുടെയും കച്ചവടം വര്‍ധിച്ചതായി വ്യാപാരികളും പറയുന്നു.