ഗതാഗതത്തിന് തടസമായി നിൽക്കുന്ന കൂറ്റൻ പാറ.
ചെറുതോണി: റോഡരികിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കൂറ്റൻ പാറ. മരിയാപുരം പഞ്ചായത്തിലെ കാർത്യായനിക്കവല - മാടവനക്കാനം റോഡരികിൽ സ്ഥിതിചെയ്യുന്ന കൂറ്റൻപാറയാണ് അപകടഭീഷണിയായി നിലകൊള്ളുന്നത്.
2018ലെ മഹാപ്രളയത്തിൽ സമീപത്തെ മലമുകളിൽനിന്ന് റോഡിലേക്കു പതിച്ച കൂറ്റൻപാറയാണ് വാഹനയാത്രയ്ക്കും നാട്ടുകാർക്കും ദുരിതമായിരിക്കുന്നത്. പൊട്ടിച്ചിതറി വീണ പാറയുടെ ചില ഭാഗങ്ങൾ ദുരന്തനിവാരണ സേന ഇടപെട്ട് നീക്കിയാണ് ഗതാഗതം പുനരാരംഭിച്ചത്. എന്നാൽ, പാറയുടെ ഭൂരിഭാഗം ഭാഗങ്ങളും ഇപ്പോഴും റോഡുവക്കിൽതന്നെയാണ്.
വീതി കുറഞ്ഞ റോഡിൽ കൂറ്റൻ പാറക്കഷണം വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ തടസം സൃഷ്ടിക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ രാത്രികാലങ്ങളിൽ അപരിചിതരായ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ ഈ പാറയിൽ ഇടിച്ച് അപകടത്തിൽപ്പെടുന്നുണ്ട്.
വലിയ കയറ്റമുള്ള റോഡിൽ ഇരുവശങ്ങളിൽനിന്നു വാഹനം എത്തുമ്പോൾ കടന്നുപോകാൻ കഴിയാത്തതിൽ വാഹനയാത്രക്കാർ തമ്മിലുള്ള തർക്കങ്ങളും പതിവാണ്.
സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളാണ് കൂടുതലായും പ്രതിസന്ധിയിലാകുന്നത്. പാറ റോഡിലേക്കു പതിച്ചിട്ട് ഏഴു വർഷം പിന്നിടുമ്പോഴും പൊട്ടിച്ചു മാറ്റി പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
റോഡിന്റെ നിർമാണത്തിനുൾപ്പെടെ തടസമായി നിൽക്കുന്ന പാറ പൊട്ടിച്ചുമാറ്റാൻ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് പഞ്ചായത്തംഗം ഗീത വിജയനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ജോണും ആവശ്യപ്പെട്ടു.