ബേക്കല്‍ കോട്ടയുടെ മുന്നില്‍ തുരുമ്പെടുത്ത് നശിക്കുന്ന ജനറേറ്റര്‍.
ബേക്കല്‍: അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ടയുടെ മുന്നില്‍ ലക്ഷങ്ങള്‍ വിലയുള്ള ഒരു ഡീസല്‍ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കോടികള്‍ വെള്ളത്തിലാക്കിയ പദ്ധതിയുടെ അവശേഷിപ്പാണ് നോക്കുകുത്തിപോലെ തുരുമ്പെടുക്കുന്ന ഈ ജനറേറ്റര്‍. 160 കിലോവാട്ടിന്റെ 2018 മോഡല്‍ ജനറേറ്റര്‍ സംസ്ഥാന ടൂറിസം വകുപ്പ് 2020 ലാണ് ബേക്കല്‍ കോട്ടയുടെ മുന്നില്‍ കൊണ്ടുവന്നുവച്ചത്. രണ്ടുമൂന്ന് ദിവസം മാത്രമാണ് ഇതു പ്രവര്‍ത്തിപ്പിച്ചത്. അഞ്ചുവര്‍ഷത്തിലധികമായി സ്റ്റാര്‍ട്ടാക്കാതെ വെയിലും മഴയും ഏറ്റുകിടക്കുന്ന യന്ത്രം ഇനി പ്രവര്‍ത്തിക്കുമോ എന്ന കാര്യം പരീക്ഷിച്ചറിയേണ്ട അവസ്ഥയാണ്.
ബേക്കല്‍ കോട്ടയുടെ മുന്നില്‍ തുരുമ്പെടുക്കുന്ന ജനറേറ്ററിന്റെ പിന്നാമ്പുറം തേടി ഇറങ്ങുമ്പോള്‍ സംസ്ഥാന ഖജനാവിലെ കോടികള്‍ പാഴായ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലേക്കാണ് എത്തുക. കഴിഞ്ഞ രണ്ടു സര്‍ക്കാരുകള്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി നാലുകോടിയിലധികം രൂപ മുടക്കി ബേക്കല്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി ആവിഷ്കരിച്ചു. ജര്‍മന്‍ സാങ്കേതികവിദ്യ, ലോകോത്തര സംവിധായകന്, ബാഹുബലി ടീം, ജയറാം, ഭാഗ്യലക്ഷ്മി തുടങ്ങിയവരുടെ ശബ്ദം എന്നുവേണ്ട, നാടിളക്കുന്ന പ്രചാരണവുമായി നാലുകോടിയിലേറെ മുടക്കുള്ള ലൈറ്റ് ആന്‍ഡ് ഷോ അണിയറയില്‍ ഒരുക്കി.
ബേക്കല്‍ കോട്ടയുടെ ഉള്ളില്‍ രാത്രി ഏഴോടെ ഷോ തുടങ്ങാമെന്നായിരുന്നു തീരുമാനം. ഷോയ്ക്കിടയില്‍ വൈദ്യുതി മുടങ്ങിയാല്‍, ബദല്‍ സംവിധാനമെന്ന നിലയില്‍ കോട്ടയുടെ മുന്നില്‍ അധികം ശബ്ദമില്ലാത്ത ഡീസല്‍ ജനറേറ്ററും സ്ഥാപിച്ചു. കോവിഡ് അല്പം ശമിച്ച 2020 ഡിസംബര്‍ 20നു ക്ഷണിക്കപ്പെട്ട 325 പേര്‍ക്ക് മുന്നില്‍ ആദ്യപ്രദര്‍ശനം നടന്നു. ഇത്രയും ആസ്വാദകര്‍ പിന്നീട് ഒരിക്കലും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നില്ല. പ്രദര്‍ശനം കാണാന്‍ നിശ്ചിതതുക നല്കി ടിക്കറ്റ് എടുക്കണമായിരുന്നു.
പ്രദര്‍ശനം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞതോടെ കാഴ്ചക്കാര്‍ അഞ്ചും പത്തും പേര് മാത്രമായി ചുരുങ്ങി. ആളുകള്‍ കുറഞ്ഞതോടെ പ്രദര്‍ശനം ഞായറാഴ്ചകളില്‍ മാത്രമാക്കി ചുരുക്കി. അപ്പോഴും കാഴ്ചക്കാരില്ലാതെ വന്നതോടെ രണ്ടുമാസത്തിനുശേഷം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പൂര്‍ണമായും പൂട്ടിക്കെട്ടി. പ്രോജക്ടര്‍, ശബ്ദസംവിധാനം, കസേരകൾ തുടങ്ങിയവ ബേക്കല്‍ കോട്ടയുടെ കിഴക്കേമൂലയിലെ ഒരു കെട്ടിടത്തിലിട്ട് പൂട്ടി. ജനറേറ്റര്‍ ലൈറ്റ് ആന്‍ഡ് ഷോയുടെ സ്മാരകമായി ഇപ്പോഴും ബേക്കല്‍ കോട്ടയുടെ മുന്പില് തുരുമ്പെടുക്കുന്നുമുണ്ട്.
Tags : NattuVishesham DistrictNews