ദീപിക കളർ ഇന്ത്യ മത്സരങ്ങളുടെ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം
കാഞ്ഞങ്ങാട്: കുഞ്ഞുഭാവനകളുടെ വർണങ്ങൾ വാരിവിതറി ജില്ലയിലെ വിവിധ സ്കൂളുകളിൽ ദീപിക കളർ ഇന്ത്യ മത്സരങ്ങൾ നടന്നു. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ വി.വി. രമേശൻ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സ്വാതന്ത്ര്യത്തിന്റെ മൂല്യവും സന്ദേശവും വരുംതലമുറകളിലേക്കുകൂടി പകർന്നുനൽകുകയെന്ന മാതൃകാപരമായ ദൗത്യമാണ് ഇതിലൂടെ ദീപിക നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുഖ്യാതിഥിയായ ചിത്രകാരൻ ശ്യാമ ശശി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നതിന്റെ പ്രതീകാത്മക ചിത്രം കുട്ടികൾക്കു മുമ്പാകെ വരച്ചു. ദീപിക കണ്ണൂർ യൂണിറ്റ് അസി. റസിഡന്റ് മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ബഷീർ ആറങ്ങാടി, അധ്യാപകരായ പ്രിയ സന്തോഷ്, സ്മിത, ദീപിക ഏരിയ മാനേജർ ഷിജോ സ്രായിൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepika Color