ചങ്ങനാശേരി: ഭയമില്ലാതെ മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ദീപികയുടെ മുഖപ്രസംഗങ്ങള്‍ സമൂഹത്തിന് പ്രകാശം നല്കുന്നുവെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. മാധ്യമങ്ങളുടെ മത്സരലോകത്ത് വിജയിക്കാനായി എന്തു തന്ത്രവും പ്രയോഗിക്കപ്പെടുന്ന വേളയില്‍ കച്ചവട താത്പര്യമില്ലാതെ അഭിമാനപൂര്‍വം നിലനില്‍ക്കുന്ന പത്രമാണ് ദീപികയെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. ചങ്ങനാശേരിയില്‍ നടന്ന ദീപിക 140-ാം വാര്‍ഷികാഘോഷ-എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ ആരംഭം മുതല്‍ ദീപികയുമായി നല്ല ആത്മബന്ധമാണുളളതെന്നും ആർച്ച്ബിഷപ് പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിയുമ്പോള്‍ നമുക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരും ഇതിനേക്കുറിച്ചു പറയുന്നില്ല. എന്നാല്‍ ഈ മുന്നറിയിപ്പ് നല്കാന് കഴിയുന്നത് ദീപികയ്ക്കു മാത്രമാണ്. ഭരണകൂടത്തിന്റെ അനീതിക്കെതിരേ കോടതിയെയാണ് നാം സമീപിക്കുന്നത്. എന്നാല്‍ നീതിയുടെ തലം പലപ്പോഴും നിഷേധിക്കപ്പെടുന്നു. അപ്പോള്‍ മാധ്യമങ്ങളാണ് നമ്മുടെ ആശ്രയം. സത്യം എന്താണെന്ന് അറിയാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. അവിടെ ദീപികയാണ് നമ്മുടെ പ്രതീക്ഷ. ദീപിക വായിക്കുമ്പോള്‍ നാം സത്യം അറിയുന്നു. സത്യത്തിന്റെ സാക്ഷിയാണ് ഓരോ ദിവസത്തെയും ദീപിക പത്രമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
Tags : NattuVishesham DistrictNews