പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: ലൈഫ് ഭവന പദ്ധതിയുടെ ഗഡു ലഭിച്ചില്ലെന്നാരോപിച്ച് നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസിനു മുൻപിൽ ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ച് തിരിച്ചയച്ചു. ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിച്ചതോടെ നിലവില്‍ ഉണ്ടായിരുന്ന വീട് ആറുമാസം മുൻപ് പൊളിച്ചുമാറ്റിയെന്നും ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡിലാണ് കഴിഞ്ഞ ആറു മാസമാസമായി താനും ഭാര്യയും കഴിയുന്നതെന്നും വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പല തവണ കൊണ്ടുവന്നെങ്കിലും 48,000 രൂപ മാത്രമാണ് വീട് നിര്‍മാണത്തിന് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കേന്ദ്ര, സംസ്ഥാന, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, തനത് ഫണ്ടുകള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടുത്ത ഗഡുക്കള്‍ കൈമാറുമെന്നും നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ പറഞ്ഞു.