ജിൻസി സിജോ
ചെറുതോണി: ജില്ലയിലെ മികച്ച ചെറുകിട ക്ഷീര കർഷകയ്ക്കുള്ള മിൽമയുടെ അവാർഡ് കരിമ്പൻ ചെറുകാട്ട് ജിൻസി സിജോക്ക്. ഈ സാമ്പത്തിക വർഷം കരിമ്പൻ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ 10 ലക്ഷം രൂപയ്ക്കു മേൽ പാൽ അളന്നാണ് ഈ നേട്ടം കൈവരിച്ചത്. 10,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.
എച്ച്എഫ് ഇനത്തിൽപെട്ട അഞ്ചു പശുക്കളാണ് ജിൻസിയുടെ തൊഴുത്തിലുള്ളത്. പുലർച്ചെ നാലിന് ജിൻസിയുടെ അധ്വാനമാരംഭിക്കും. സഹായികളില്ല, കറവയന്ത്രവുമില്ല. ദിനംപ്രതി 70 മുതൽ 75 ലിറ്റർ വരെ പാൽ ജിൻസി വിൽക്കുന്നുണ്ട്.
പുല്ലും കച്ചിയുമാണ് പശുക്കളുടെ പ്രധാന ആഹാരം. ഇതിനായി പറമ്പിൽ തീറ്റപ്പുൽ കൃഷിയും ചെയ്യുന്നുണ്ട്. ഭർത്താവ് സിജോ വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. മക്കൾ: ഏബൽ, എഡ്രിയ, തെരേസ, ഓസ്റ്റിൻ.