കൽപ്പറ്റ: വന്യമൃഗങ്ങളുടെ കണക്കെടുപ്പിനൊപ്പം വനനാശത്തെക്കുറിച്ച് പഠനവും നടത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. വന്യജീവികളുടെ കണക്കെടുപ്പ് നടത്തി വനത്തിന്റെ വാഹകശേഷി നിർണയിക്കാൻ വനംമന്ത്രി കാണിക്കുന്ന ഉത്സാഹം കാടിന്റെ നാശം, ആവാസവ്യാവസ്ഥാശോഷണം എന്നിവയെക്കുറിച്ച് പഠിക്കുന്നതിലും ഉണ്ടാകണം.
വനത്തോടുചേർന്നുള്ള പ്രദേശങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം കുറയണമെങ്കിൽ കാടിന്റെ പുനരുജ്ജീവനം സാധ്യമാകണം. വയനാടൻ കാടുകളിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആനകളും കടുവകളുമുള്ളതാണ് വർധിച്ച വന്യമൃഗ ആക്രമണത്തിന് കാരണമെന്ന പ്രചാരണം വനംമന്ത്രി മുഖവിലയ്ക്കെടുക്കുന്നത് ദൗർഭാഗ്യകരമാണ്.
ഏറ്റവും ഒടുവിൽ നടത്തിയ കണക്കെടുപ്പിൽ ജില്ലയിലെ വനങ്ങളിൽ ആനകളുടെയും കടുവകളുടെയും എണ്ണം കുറഞ്ഞതായാണ് കണ്ടത്. വയനാട്ടിലുണ്ടെന്ന് വനംവകുപ്പ് അവകാശപ്പെടുന്ന 100 കടുവകൾക്ക് നാല് ചതുരശ്ര കിലോമീറ്റർ വീതം ടെറിട്ടറിയാണ് ഉള്ളതെന്നും ഓരോ കടുവയ്ക്കും 20 ചതുരശ്ര കിലോമീറ്റർ ടെറിട്ടറിയാണ് വേണ്ടതെന്നും മന്ത്രി പറയുന്നത് ശരിയല്ല. കടുവകളുടെ ടെറിട്ടറി വിസ്തീർണം ലോകത്തെവിടെയും നിയതമായി നിർണയിക്കപ്പെട്ടിട്ടില്ല.
കടുവകളുടെ ടെറിട്ടറി വിസ്തീർണം നിർണയിച്ചുള്ള ആധികാരിക പഠനങ്ങളോ നാഷണൽ ടൈഗർ കണ്സർവേഷൻ അഥോറിറ്റിയുടെ ഗൈഡ് ലൈനോ ഇല്ല. പെരിയാർ ടൈഗർ റിസർവിൽ കടുവകളുടെ എണ്ണം അധികരിക്കാത്തത് കാടിന്റെ പ്രത്യേകത കൊണ്ടാണ്. സൈലന്റ് വാലിയിൽ ആനകളുടെയും കടുവകളുടെയും എണ്ണം പെരിയാറിനെക്കാൾ കുറവാകുന്നത് നിത്യഹരിത മഴക്കാടായതുകൊണ്ടാണ്. 5,000ൽ അധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നാഗാർജുനസാഗർ ശ്രീശൈലം ടൈഗർ റിസർവിൽ 50ൽതാഴെ കടുവകളാണുള്ളത്.
വന്യജീവി പ്രശ്നത്തിന് പരിഹാരം ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ വനം കൈയേറ്റം, വനങ്ങളുടെ ഗുരുതര ശോഷണം, വനത്തിലെ ഏകവിളത്തോട്ടങ്ങൾ, വിവിധ കോർപറേഷനുകൾക്ക് സർക്കാർ നൽകിയ വനഭൂമി, കാട്ടുതീ കെടുതികൾ, അധിനിവേശ സസ്യങ്ങളുടെ വ്യാപനം, ടൂറിസത്തിന്റെ ആഘാതം എന്നിവയെക്കുറിച്ച് പഠിച്ച് ശിപാർശകൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ മന്ത്രി തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അന്പലവയൽ, ബാബു മൈലന്പാടി, പി.എം. സുരേഷ്, തച്ചന്പത്ത് രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad