ലൈറ്റ് ഫിഷിംഗ് നിരോധിക്കണമെന്ന ആവശ്യവുമായി എത്തിയവർ വിഴിഞ്ഞം ഫിഷറസ് ഓഫീസ് ഉപരോധിക്കുന്നു.
വിഴിഞ്ഞം: ലൈറ്റ് ഫിഷിംഗ് നിരോധിക്കണമെന്ന ആവശ്യവുമായെത്തിയ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പധികൃതരെ തടഞ്ഞുവച്ചു. പിടിച്ചെടുത്ത ലൈറ്റ് ഫിഷിംഗ് ഉപകരണങ്ങൾ വിട്ടുതരണമെന്ന ആവശ്യവുമായെത്തിയവർ ഫിഷറീസ് ഓഫീസിന് മുന്നിൽ ധർണ നടത്തി പ്രതിഷേധിച്ചു. ചർച്ചയിലൂടെ ഇന്നു പരിഹാരം കാണാമെന്ന് ഇരുവിഭാഗത്തിനും ഉറപ്പുനൽകി അധികൃതർ.
മത്സ്യബന്ധന സീസൺ പ്രമാണിച്ച് പുറത്തുനിന്നുള്ള ആയിരക്കണക്കിനു വള്ളങ്ങൾ മീൻ പിടിത്തത്തിനായി വിഴിഞ്ഞം തുറമുഖത്തെത്തിയിട്ടുണ്ട്. പുറത്തു നിന്നുള്ളവർ നിരോധിത ലൈറ്റ് ഫിഷിംഗിൽ ഏർപ്പെടുന്നതായാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ അധികൃതർ നടത്തിയ പരിശോധനയിൽ ലൈറ്റ് ഫിഷിംഗിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. ഉപകരണങ്ങൾ വിട്ടു നൽകണമെന്ന ആവശ്യവുമായി രാവിലെ എത്തിയ ഒരു സംഘം ഫിഷറീസ് ഓഫീസിന് മുന്നിൽ ധർണയുമായി കുത്തിയിരുന്നു.
ചർച്ചയിലൂടെ പരിഹാരം കാണാമെന്ന ഉറപ്പിൻമേൽ സംഘം പിരിഞ്ഞ് പോയി. വൈകുന്നേരം അ ഞ്ചോടെ ലൈറ്റ് ഫിഷിംഗ് നിരോധിക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും രംഗത്തിറങ്ങി. ഫിഷറീസ് എഡിയെ കാണണമെന്ന ആവശ്യവുമായി എത്തിയവർ എഡി ഇല്ലെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇന്നു പത്തു മണിയോടെ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പിൻമേൽ അവരും പിരിഞ്ഞു പോയി.
ചെറുമീനുകളെ പിടികൂടുന്നതിന് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ലൈറ്റ് ഫിഷിംഗിലൂടെ ഒരു വിഭാഗം നിയമങ്ങൾ കാറ്റിൽപ്പറത്തുന്നതായാണ് പരാതി ഉയരുന്നത്. ലേലക്കാരുടെയും കച്ചവടക്കാരിൽ ചിലരുടെയും ഒത്താശ ലൈറ്റ് ഫിഷിംഗിന് പിന്നിലുള്ളതായും പരാതിയുണ്ട്. ഉപയോഗത്തിന് കൊള്ളാത്ത ചെറുമീനുകളെ തമിഴ്നാട്ടിലെ വളം നിർമാണ കേന്ദ്രങ്ങളിലേക്കു കയറ്റി അയക്കുകയാണ് പതിവ്. ഇതിനായി ഒരു സംഘം വിഴിഞ്ഞത്ത് പ്രവർത്തിക്കുന്നതായും പറയപ്പെടുന്നു.
Tags : Local News Nattuvishesham Thiruvananthapuram