തെങ്ങണ: തെങ്ങണ ജംഗ്ഷനില്‍ പെട്ടിവണ്ടികളില്‍ വ്യാപകമാകുന്ന പച്ചക്കറി വ്യാപാരത്തിനെതിരേ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത്. നാലോ അഞ്ചോ പെട്ടിവണ്ടികളില്‍ പച്ചക്കറി സാധനങ്ങളിറക്കി വില്പന നടത്തുന്നതിനാല്‍ വ്യാപാരികളും യാത്രക്കാരും ദുരിതത്തിലാണ്.
ഏഴുലക്ഷം രൂപവരെ സെക്യൂരിറ്റിയും വാടകയും പഞ്ചായത്ത് ലൈസന്‍സ്, ഹെല്‍ത്ത്കാര്‍ഡ്, തൊഴില്‍കരം, പ്ലാസ്റ്റിക് നിരോധനം ഇവയെല്ലാം പാലിച്ച് സത്യസന്ധമായ വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്കാണ് വഴിവാണിഭം ഉപദ്രവമായി മാറുന്നത്. വഴിവാണിഭക്കാര്‍ക്ക് സര്‍ക്കാരിന്റെയോ ഗ്രാമപഞ്ചായത്തുകളുടെയോ യാതൊരു നിബന്ധനകളുമില്ല.
അതോടൊപ്പം തെരുവുനായകളുടെ ശല്യവും തെങ്ങണയില്‍ വര്‍ധിച്ചിരിക്കുകയാണ്. യാത്രക്കാര്‍ തെരുവുനായകളെ ഭയന്ന് സഞ്ചരിക്കേണ്ട അവസ്ഥയാണ്. ജംഗ്ഷന്റെ വിവിധ ഭാഗങ്ങളില്‍ ടാറിംഗ് പൊളിഞ്ഞ് നാശമായി കിടക്കുകയാണ്. ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും ശുചീകരണവും കാര്യക്ഷമമാക്കണം.
ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടങ്ങള്‍ പതിവാണ്. ഇത്തരം ജനദ്രോഹപരമായ അവസ്ഥയ്ക്ക് ശാശ്വതമായ നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി സമിതി തെങ്ങണ യൂണിറ്റ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഇടപെടണം
തെങ്ങണയിലെ അനധികൃത കച്ചവടങ്ങള്‍ നിരോധിക്കാന്‍ മാടപ്പള്ളി പഞ്ചായത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കണം. തെരുവുനായകളുടെ നിയന്ത്രണത്തിനും നടപടി വേണം.
- കെ.സി. ആന്റണി
പ്രസിഡന്റ്, വ്യാപാരി വ്യവസായി തെങ്ങണ യൂണിറ്റ്
Tags : Local News Nattuvishesham Kottayam