കാലപ്പഴക്കത്താൽ ജീർണിച്ച് അപകടനിലയിലായ കൊതവറ പാലം.
വൈക്കം: തലയാഴം ഉല്ലല-മൂത്തേടത്തുകാവ്-വൈക്കം റോഡിൽ ഉല്ലല മാർക്കറ്റിനു സമീപത്തെ അപകടനിലയിലായ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം ജീർണാവസ്ഥയിലാണ്. പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞു. വീതി കുറഞ്ഞ പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ വാഹനങ്ങൾ ഇടിച്ചുതകർന്നു. പാലത്തിന്റെ ഇരുഭാഗത്തും ബിഎംബിസി നിലവാരത്തിൽ എട്ടു മീറ്റർ വീതിയിൽ റോഡ് പുനർനിർമിച്ചു. എന്നാൽ പാലത്തിന് മൂന്ന് മീറ്ററോളം വീതിയാണുള്ളത്.
പാലത്തിന്റെ സമീപ റോഡിന്റെ ഉയരക്കൂടുതൽ മൂലം പാലത്തിലേക്ക് എത്തുന്ന വാഹനങ്ങൾ തൊട്ടു മുന്നിലെത്തുമ്പോഴാണ് എതിരേ വരുന്ന വാഹനത്തിലുള്ളവർ കാണുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. അപകടാവസ്ഥയിലായ പാലം പുനർനിർമിക്കണമെന്ന് ഏറെക്കാലമായി ജനം ആവശ്യമുന്നയിച്ചു വരികയായിരുന്നു. തലയാഴം, വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തേക്ക് ഇതുവഴി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.
വൈക്കം വെച്ചൂർ റോഡ് വീതികൂട്ടി പുനർനിർമിക്കുമ്പോൾ സമാന്തര റോഡായി വൈക്കം-മൂത്തേടത്തുകാവ് കൊതവറ-ഉല്ലല റോഡ് മാറും. പാലം പുനർനിർമിച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം വീതികൂട്ടി പുനർനിർമിക്കുന്നതിന് ടെണ്ടർ നടപടികൾ പൂർത്തിയായെന്നും ഉടൻ തന്നെ നിർമാണോദ്ഘാടനം നടക്കുമെന്നും കെ. ബിനിമോൻ എംഎൽഎ പറഞ്ഞു.
കൊതവറ പാലം പുനർനിർമിക്കുന്നതോടെ ഗതാഗതം സുഗമമാകും
പാലത്തിന്റെ വീതിക്കുറവാണ് ഇപ്പോൾ ഗതാഗതത്തിന് തടസമാകുന്നത്. പാലം വീതികൂട്ടി പുനർനിർമിക്കുന്നതോടെ ഗതാഗതകുരുക്ക് ഒഴിവാകും.
ലിജിസലഞ്ച് രാജ്, പഞ്ചായത്ത് പ്രസിഡന്റ്, തലയാഴം
ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്
കൊതവറ പാലം പുനർനിർമിക്കണമെന്നാവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. പാലം പുനർനിർമിക്കുന്നതിന് ടെണ്ടർ നടപടി പൂർത്തീകരിച്ച് നിർമാണം ഉടൻ തുടങ്ങുമെന്നത് ഏറെ ആഹ്ലാദകരമാണ്.
ബിജു പറപ്പള്ളി, പൊതുപ്രവർത്തകൻ