ആലുവ തോട്ടയ്ക്കാട്ടുകരയിൽ തമ്പടിച്ച തെരുവുനായക്കൂട്ടം.
നഗരങ്ങളിൽ തെരുവുനായ്ക്കൾ വിലസുന്നു
ആലുവ: തെരുവുനായകളുടെ ശല്യം ആലുവയിലെ ജനവാസ കേന്ദ്രങ്ങളിൽ വർധിക്കുന്നതായി പരാതി. ജനങ്ങൾ തിങ്ങി പാർക്കുന്ന ആലുവ തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവന്റ് സ്കൂൾ റോഡിൽ മാത്രം 20 ഓളം നായകളാണ് ഇത്തരത്തിൽ അലഞ്ഞു നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്കൂളിലേക്ക് എത്തുന്ന കുട്ടികളും ഭയാശങ്കയിലാണ്.
നായകളെ പിടികൂടാൻ പരിശീലനം ലഭിച്ചവരെ വേണ്ടത്ര കിട്ടാനില്ലെന്നാണ് നഗരസഭാധികൃതരുടെ മറുപടി. രാത്രിയായാൽ നടുറോഡിലാണ് ഇവ തമ്പടിക്കുന്നത്. ഇരുചക്ര വാഹനയാത്രികരാണ് ഏറെ ഭയപ്പെടുന്നത്.
അതേ സമയം നഗരത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരമായി ആലുവ മൃഗാശുപത്രി വളപ്പിൽ പുതിയ മൃഗ ജനനനിയന്ത്രണ (അനിമൽ ബർത്ത് കൺട്രോൾ- എബിസി) കേന്ദ്രവും ഷെൽട്ടറും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി ദീപിക യോട് പറഞ്ഞു. തെരുവുനായ്ക്കളുടെ വാക്സിനേഷനായി മൊബൈൽ യൂണിറ്റും ഉടനെത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഷെൽട്ടർ പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതാണ്. എന്നാൽ തെരഞ്ഞെടുപ്പുകൾ തുടർച്ചയായി വന്നതോടെ പദ്ധതി നീണ്ടുപോകുകയായിരുന്നു. നിലവിൽ വാക്സിനേഷൻ ചെയ്ത ശേഷം തെരുവുനായകളെ തുറന്നു വിടുകയാണ് ചെയ്യുന്നത്. അതിനു പകരം നായകളെ മൃഗാശുപത്രിയിലെ ഷെൽട്ടറിൽ വളർത്തുന്നതാണ് പദ്ധതി.
അങ്കമാലിയിൽ നഗരസഭയ്ക്ക് അലംഭാവമെന്ന് പ്രതിപക്ഷം
അങ്കമാലി: നഗരസഭയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. അങ്കമാലിയിൽ അടുത്തിടെ പേപിടിച്ച നായ 19 പേരെ കടിച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേരുകയും തെരുവുനായ ശല്യം ഒഴിവാക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കാൻ ഐക്യകണ്ഠേന തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
നഗരസഭ മാർക്കറ്റിലും കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലും നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തിയിരുന്നു. പിന്നീട് ഇതിന്റെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. ആയിരത്തിലേറെ നായകളാണ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇത്തരം നായകളെ വാക്സിനേഷൻ നടത്തിവിടുന്നതിന് പകരം പ്രത്യേക ഷെൽട്ടർ സ്ഥാപിച്ച് കൂട്ടിലടക്കണമെന്ന ആവശ്യം ശക്തമാണ്. അധ്യായന വർഷം ആരംഭിച്ചതോടെ കുട്ടികൾ സ്കൂളിലേക്കും വൈകുന്നേരങ്ങളിൽ ട്യൂഷനും പോകുവാൻ ഭയപ്പെടുന്ന അവസ്ഥയാണിപ്പോൾ.
കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ്, മാർക്കറ്റ്, നായത്തോട് ഹയർ സെക്കൻഡറി സ്കൂൾ പരിസരം ഉൾപ്പെടെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പത്തും പതിനഞ്ചും നായകൾ കൂട്ടത്തോടെയാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് കഴിഞ്ഞ മാസം ചേർന്ന കൗൺസിൽ യോഗങ്ങളിൽ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
ഉടൻ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Tags : Local News Nattuvishesham Ernakulam