പുഴയോരത്തെ ചതുപ്പുനിലം മണ്ണിട്ടുനികത്തുന്നു. (ഫയൽ ചിത്രം).
നീലേശ്വരം: മയിച്ചയിൽ കാര്യങ്കോട് പാലത്തിനു സമീപം മണ്ണിട്ടുയർത്തി നിർമിച്ച ദേശീയപാത പൊളിച്ചുമാറ്റി പകരം തൂണുകളോടുകൂടിയ ആകാശപാത പണിയാനുള്ള ദേശീയപാത അഥോറിറ്റിയുടെ തീരുമാനം നീലേശ്വരത്തും പ്രതീക്ഷയാകുന്നു. മയിച്ചയിൽ ചതുപ്പ് പ്രദേശമായതിനാൽ മണ്ണിട്ടുയർത്തിയ പാതയ്ക്ക് ബലമില്ലെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് അത് പൊളിച്ചുമാറ്റി പകരം തൂണുകളോടുകൂടിയ ആകാശപാത നിർമിക്കാൻ ദേശീയപാത അധികൃതർ കരാറുകാരായ മേഘ ഇൻഫ്രാസ്ട്രക്ചറിന് നിർദേശം നൽകിയത്. കാര്യങ്കോട് പാലം മുതൽ മയിച്ച പാലം വരെ 310 മീറ്റർ നീളത്തിലാണ് 11 തൂണുകളോടും 10 സ്പാനുകളോടും കൂടിയ ആകാശപാത നിർമിക്കുക. ഇതിന്റെ രൂപരേഖ തയാറാക്കി ദേശീയപാത അഥോറിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചതായി മേഘ ഇൻഫ്രാസ്ട്രക്ചർ അധികൃതർ അറിയിച്ചു.
ഇതോടൊപ്പം പയ്യന്നൂർ പെരുമ്പ പുഴയ്ക്കു കുറുകെ പണിത പുതിയ പാലത്തിന്റെ ഇരുവശങ്ങളിലും 110 മീറ്റർ വീതം നീളത്തിൽ മണ്ണിട്ടുയർത്തിയ പാത പൊളിച്ചുമാറ്റി ആകാശപാത നിർമിക്കും. തളിപ്പറമ്പ് കീഴാറ്റൂരിൽ നിലവിൽ നിർമിച്ചിട്ടുള്ള ആകാശപാതയ്ക്ക് 10 സ്പാനുകൾ കൂടി കൂടുതലായി നിർമിക്കും. ഇവിടെയും നിലവിൽ മണ്ണിട്ടുയർത്തിയ ഭാഗങ്ങൾ പൊളിച്ചുമാറ്റും. കുപ്പം പുഴയ്ക്കു കുറുകെയുള്ള പഴയ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയും ഇതിനനുബന്ധമായി തളിപ്പറമ്പ് ഭാഗത്തേക്ക് 700 മീറ്റർ നീളത്തിൽ ആകാശപാത നിർമിക്കുകയും ചെയ്യും.
ഈ നാലിടങ്ങളിലും പുതുതായി ആകാശപാത വരുന്നതോടെ ആകാശപാതയ്ക്കുവേണ്ടി ദീർഘനാളായി സമരം നടക്കുന്ന നീലേശ്വരം മാർക്കറ്റ് ജംഗ്ഷന്റെ കാര്യത്തിലും ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നീലേശ്വരത്ത് ആകാശപാത അനുവദിക്കാനാവില്ലെന്നും പകരം രാജാ റോഡ് ജംഗ്ഷനിലും കോട്ടപ്പുറം റോഡ് ജംഗ്ഷനിലും വീതിയേറിയ അടിപ്പാതകളും പുഴയ്ക്കു കുറുകേ പുതിയ പാലവും അനുവദിക്കാമെന്നുമാണ് നഗരസഭാ കർമസമിതി ഭാരവാഹികൾ ഡൽഹിയിലെത്തി മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്നുവന്ന ധാരണ. ദേശീയപാത അഥോറിറ്റിയുടെ എൻജിനിയർമാരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്ത് രൂപരേഖ തയാറാക്കുക. മയ്യിച്ചയിൽ നടത്തിയതുപോലെ മണ്ണിന്റെ ബലപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നടത്തിയിട്ടില്ല. കാര്യങ്കോട്, മയിച്ച പ്രദേശങ്ങളുടെ അതേ ഭൂപ്രകൃതിയാണ് നീലേശ്വരത്തുമുള്ളത്. അതുകൊണ്ടുതന്നെ വിദഗ്ധ പരിശോധന നടത്തിയാൽ ഇവിടെയും മണ്ണിട്ടുയർത്തിയ ഭാഗം പൊളിച്ചുമാറ്റി ആകാശപാത പണിയാൻ നിർദേശമുണ്ടാകുമെന്നാണ് പ്രതീക്ഷ. തളിപ്പറമ്പ് കുപ്പം പുഴയുടെ കാര്യത്തിൽ പറഞ്ഞതുപോലെ ഇവിടെയും പുതിയ പാലം പണിയുമ്പോൾ അതുമായി ബന്ധിപ്പിച്ച് ആകാശപാത പണിയാനുള്ള സാഹചര്യമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നീലേശ്വരത്ത് പുഴയോടു ചേർന്ന ഭാഗത്തെ ചതുപ്പുനിലങ്ങളും തോടുകളും മണ്ണിട്ടു നികത്തിക്കൊണ്ട് നടത്തുന്ന അശാസ്ത്രീയമായ ദേശീയപാത നിർമാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു നിവേദനം നൽകിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അടിയന്തരമായി നടപടികൾ കൈക്കൊള്ളാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർക്കും ദേശീയപാത അഥോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്.
ഈ നടപടികളും മണ്ണിട്ടുയർത്തിയ ഭാഗം പൊളിച്ചുമാറ്റി ആകാശപാത നിർമിക്കുന്നതിന് അനുകൂലമായിത്തീരുമെന്നാണ് പ്രതീക്ഷ.