പ്രതീകാത്മക ചിത്രം
മുക്കം: തോട്ടുമുക്കത്ത് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെയും മകനെയും ക്രൂരമായി മർദിച്ചതായി പരാതി. വാഹനത്തിൽ നിന്നും കഞ്ചാവും മദ്യക്കുപ്പിയും എടുത്തെന്നാരോപിച്ച് തോട്ടുമുക്കം ഭഗവതിപറമ്പിൽ ചന്ദ്രൻ (52), ഇയാളുടെ മാതാവ് ജാനകി (82) എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ തോട്ടുമുക്കത്തെ ഓട്ടോ ഡ്രൈവറായ പനംപിലാവ് സ്വദേശി കരിക്കൂട്ടത്തിൽ ശാലുമോൻ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ചന്ദ്രനും കുടുംബവും താമസിക്കുന്ന ഭഗവതിപറമ്പിൽ വീടിന്റെ തിണ്ണയിലേക്ക് പ്രതികൾ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ചന്ദ്രനെ അസഭ്യം പറയുകയും വഴിതടസപ്പെടുത്തി കഴുത്തിന് പിടിച്ചു തള്ളുകയും തകര ഷീറ്റ് കൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തു. തടയാനെത്തിയ 82 കാരിയായ മാതാവ് ജാനകിയേയും പ്രതികൾ മർദിച്ചു തള്ളിമാറ്റി. പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.