കരുതൽ ഉച്ചയൂണ് കൂട്ടായ്മ അശോകന് വാങ്ങി നൽകിയ ഇലക്ട്രിക് വീൽചെയർ ഷാജി കെ. ഡേവിഡും മറ്റ് പ്രവർത്തകരും ചേർന്ന് കൈമാറിയപ്പോൾ.
ഹരിപ്പാട്: പിറന്നാളിനോടനുബന്ധിച്ച് നടത്തിയ പാലട പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക വിനിയോഗിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരൻ കാർത്തികപ്പള്ളി സ്വദേശി അശോകന് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ഇലക്ട്രിക് വീൽചെയർ കൈമാറി. ഒരു ലക്ഷം രൂപ വിലമതിക്കുന്ന വീൽചെയറാണ് നൽകിയത്.
വർഷങ്ങളായി ജന്മദിനം തെരുവിൽ ആഘോഷിക്കുന്ന ഷാജി കെ. ഡേവിഡിന്റെ നേതൃത്വത്തിൽ കാർത്തികപ്പള്ളി ജംഗ്ഷനിൽ നടത്തിയ പായസ ചലഞ്ചിലൂടെ 6,42,000 രൂപയാണ് സമാഹരിച്ചിരുന്നത്. ശാരീരിക വെല്ലുവിളികൾ വകവയ്ക്കാതെ ഇഴഞ്ഞുനീങ്ങി ലോട്ടറി വിറ്റ് കുടുംബം പുലർത്തുന്ന അശോകന്റെ യാത്രാദുരിതം ഇതോടെ അവസാനിക്കും. ഇതിനുപുറമേ, ഇദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ദുർഘടമായ വഴി സഞ്ചാരയോഗ്യമാക്കാനുള്ള ജോലികളും കരുതൽ പ്രവർത്തകർ ഏറ്റെടുത്തു.
സമാഹരിച്ചതിൽ ശേഷിക്കുന്ന തുക ഉപയോഗിച്ച് നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഷാജി കെ. ഡേവിഡ് ഇലക്ട്രിക് വീൽചെയർ അശോകന് കൈമാറി. പഞ്ചായത്തംഗങ്ങളായ വിനോദ്, സജിനി, കരുതൽ പ്രവർത്തകരായ രാമചന്ദ്രൻ മംഗലം, ജോസ് സാമുവൽ, ജോമോൻ, അജയൻ പയനിയർ, സുഭാഷ്, റിയാസ്, അഷ്റഫ് കാട്ടിൽ, ജ്യോതി നാരായണൻ, ഐഷാ മറിയം തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews