വിഴിഞ്ഞം : അറബിക്കടലിന്റെ ആഴങ്ങളിൽ താഴ്ന്ന എംഎസ്സിയുടെ കണ്ടെയ്നർ കപ്പൽ എൽസ -3 ഒരു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുന്നു. പൊതുജനത്തിനുണ്ടായ സംശയങ്ങളും ദുരൂഹതകളും മാറ്റാൻ കഴിയാതെ അന്വേഷണവുമായി അധികൃതർ.
കൊളംബോ വഴി വിഴിഞ്ഞത്ത് എത്തുമ്പോൾ തന്നെ മൂന്ന് ഡിഗ്രിവരെ ചരിവ് കണ്ടെത്തിയ കപ്പലിന്റെ അപകടാവസ്ഥ യഥാസമയം ക്യാപ്റ്റനെയും കമ്പനിയെയും അറിയിച്ചിരുന്നതായി വിഴിഞ്ഞം തുറമുഖ അധികൃതർ വ്യക്തമാക്കുന്നു. എന്നിട്ടും കണ്ടെയ്നർ നിറച്ച കപ്പൽ കടൽ പ്രക്ഷുബ്ദമായ സമയത്തും യാത്ര തുടർന്നു എന്നതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. ഏറെ പഴക്കം ചെന്ന കപ്പൽ മുങ്ങിയതിനെപ്പറ്റി മത്സ്യത്തൊഴിലാളികൾ തുടക്കത്തിൽ തന്നെ ദുരൂഹത ആരോപിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവർ മുഖവിലക്കെടുത്തില്ല.
കേരള തീരത്തിൽ വിഴിഞ്ഞത്ത് നിന്ന് കഷ്ടിച്ച് പത്ത് നോട്ടിക്കൽ മൈൽ അപ്പുറമാണ് അന്താരാഷ്ട്ര കപ്പൽ ചാനൽ. ഏറെ തിരക്കുള്ള ഇതു വഴി ദിനംപ്രതി നൂറ് കണക്കിന് ചരക്ക് കപ്പലുകൾ കടന്നുപോകുന്നതായി അധികൃതർപറയുന്നു 1997-ൽ നിർമിച്ച 183.91മീറ്റർ നീളവും 9. 9 മീറ്റർ ആഴവുമുള്ള ലൈബീരിയൻ രജിസ്ട്രേഷനുള്ള എൽസ കൊച്ചിക്കും അലപ്പുഴ തോട്ടപ്പള്ളിക്കുമിടയിലെ ഉൾക്കടലിൽ താഴുമ്പോൾ 29 വർഷം പിന്നിട്ടിരുന്നു.
ഒരു കപ്പലിന്റെ പരമാവധിയുള്ള ആയുസും കഴിഞ്ഞ് കണ്ടം ചെയ്യാറായ ഒന്നായിരുന്നു എൽസാ -3 എന്ന് വിദഗ്ദർ പറയുന്നു. ഇങ്ങനെ കാലപ്പഴക്കത്തിന്റെ കാര്യത്തിൽ മുമ്പനായ കപ്പലാണ് രാസവസ്തുക്കൾ ഉുൾപ്പെടെ 643 കണ്ടെയ്നറുകളുമായി യാത്ര തുടർന്നത്. തീരത്തിനും 38 നോട്ടിക്കൽ മൈൽ ഉൾക്കടലിൽ നൂറ് മീറ്ററിലധികം ആഴത്തിൽ താഴ്ന്ന കപ്പലിൽ ഉണ്ടായിരുന്നതിൽ അറുന്നൂറിൽപ്പരംകണ്ടെയ്നറുകളെക്കുറിച്ച് ഇപ്പോഴും യാതൊരറിവുമില്ല.
ഇവ കടലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും പ്രതികൂലമായി ബാധിക്കുമെന്നും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ വാദിക്കുമ്പോൾ പരിഹാര മാർഗം ഉന്നതരുടെ വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്.
തീരദേശ പോലീസും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും അന്വേഷണം തുടരുന്നതിനിടയിൽ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സ്വന്തം നാടുകളിലേക്ക് വിമാനം കയറിക്കഴിഞ്ഞു. 2025 മേയ് 25 ന് എൽസ-3 അറബിക്കടലിൽ താഴ്ന്നതുമുതൽ തുടങ്ങിയ അന്വേഷണവും തെളിവെടുപ്പുമാണ് അവസാനമില്ലാതെ തുടരുന്നത്.155 ലധികം രാജ്യങ്ങളിൽ കപ്പൽ സർവീസ് നടത്തുന്ന എംഎസ്സി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയാണ്. മറ്റ് കമ്പനികളെ അകറ്റി നിർത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആധിപത്യവും എംഎസ്സിയാണ് കൈയടക്കിയത്. ഇന്നലെ വരെ വന്ന് മടങ്ങിയ 970 കപ്പലുകളിൽ 95 ശതമാനവും എംഎസ്സി യുടെതായിരുന്നു. ആദ്യമെത്തിയ സാൻ ഫെർണാണ്ടോയും ഹൂണ്ടായിയുടെതുൾപ്പെടെ ചുരുക്കം ചില കമ്പനികൾക്ക് തുടക്കത്തിൽ വിഴിഞ്ഞത്ത് വരാൻ കഴിഞ്ഞെങ്കിലും പിന്നെ അതുണ്ടായില്ല.
Tags : nattu vishesham Elsa-3 without mystery