കരിമ്പൻ: ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന വനിതാ ശക്തീകരണ പദ്ധതിയായ വിംഗ്സ് ഓഫ് പ്രോസ്പെരിറ്റിയുടെ രൂപതാതല ഉദ്ഘാടനം കരിമ്പൻ ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു.
ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകവഴി സ്ത്രീകളുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുന്നതിന് ഈ പദ്ധതി ഉപകരിക്കുമെന്ന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും കുടുംബങ്ങളുടെ സ്ഥിരവരുമാനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി രൂപതയിലെ വിവിധ പ്രദേശങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 100 വനിതകൾക്ക് സ്വയംതൊഴിൽ അധിഷ്ഠിത കോഴിവളർത്തൽ യൂണിറ്റുകൾ സ്ഥാപിച്ചു നൽകും.
ഇതിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് അഞ്ചുദിവസത്തെ സമഗ്ര പരിശീലനവും നൽകും. കോഴിവളർത്തലിന്റെ ശാസ്ത്രീയ രീതികൾ, തീറ്റക്രമീകരണം, രോഗപ്രതിരോധ മാർഗങ്ങൾ, വരുമാന നിയന്ത്രണം, ചെറുകിട സംരംഭ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് എടുക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിവി 380 ഇനത്തിൽപ്പെട്ട 60 കോഴികളെയും അവയെ വളർത്താനാവശ്യമായ ഹൈടെക് കൂടുകളും കമ്പിവലകൊണ്ട് മറച്ച കോഴി ഷെഡും സൗജന്യമായി നിർമിച്ചു നൽകും.
യോഗത്തിൽ എച്ച്ഡിഎസ് പ്രസിഡന്റ് മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, എച്ച്ഡിഎസ് പ്രോഗ്രാം ഓഫീസർ സിബി തോമസ്, ക്രെഡിറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Women empowerment scheme Nattuvishesham District News