വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഭീഷണിയായി വന്മരങ്ങള്
കടനാട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നില്ക്കുന്ന വന്മരങ്ങള് ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം കടപുഴകിവീണ മരത്തിനടുത്തു നില്ക്കുന്ന മരങ്ങള്‍ വ്യാപാരസ്ഥാപനങ്ങളുടെ മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ്. ആശുപത്രി കെട്ടിടവും ഓട്ടോ സ്റ്റാൻഡും ഇതിനടുത്താണ്.
സ്കൂള്‍ കുട്ടികള്‍ക്കും ആശുപത്രിയിലേക്കു വരുന്നവര്‍ക്കും മരങ്ങൾ ഭീഷണിയാണ്. അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പല പ്രാവശ്യം ആശുപത്രി അധികൃതര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും വനംവകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാതെ മരങ്ങള്‍ മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.