കൊച്ചി: ജോലി തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞുവന്ന ഏഴ് ഇതരസംസ്ഥാനക്കാരെ പോലീസ് രക്ഷപ്പെടുത്തി.
ചേരാനെല്ലൂരിലെ വാടകക്കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ഏഴുപേരെയാണു രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെ ചേരാനെല്ലൂര്‍ പോലീസ് രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതി പശ്ചിമബംഗാള്‍ സിലിഗുരി സ്വദേശി അബ്ദുൾ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കുപുറമെ പത്തോളം പ്രതികൾ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ചേരാനല്ലൂര്‍ സിഗ്നലിനു സമീപം മുണ്ട്യാത്ത് റോഡിലുള്ള വാടകക്കെട്ടിടത്തിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. തടവുകാരില്‍ ഒരാള്‍ വാടകവീട്ടില്‍നിന്നു രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് പ്രതികളായ 11ഓളം പേര് കിട്ടിയ പണവുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്ന് പ്രതി അബ്ദുള്‍ റഹീമിനെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും ഇരകളായവരുടെ മൊബൈല്‍ ഫോണ്‍, പാസ്പോര്‍ട്ട്, ഒരു ലക്ഷത്തോളം രൂപ എന്നിവ പോലീസ് കണ്ടെടുത്തു.
മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അബ്ദുൾ റഹീമിനെ റിമാന്‍ഡ് ചെയ്തു.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരകളിൽനിന്നും പ്രതികള്‍ 30 ലക്ഷം രൂപ വീതമാണു വാങ്ങിയത്. എല്ലാവരെയും കാനഡയില്‍ എത്തിക്കാമെന്നായിരുന്നു കരാര്‍. ഇതിന്റെ ഭാഗമായാണ് ഇരകളെ ചേരാനെല്ലൂരിലെ വാടക വീട്ടിലെത്തിച്ചത്. ഇവിടെ ഇവരെ തടങ്കിലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇരകളെല്ലാം കാനഡയിലെത്തിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികൾ പിന്നില്‍ കാനഡയിലെ സ്ഥലങ്ങളുടെ ചിത്രങ്ങളുള്ള ഫ്ലക്സ് സ്ഥാപിച്ചശേഷം ഓരോരുത്തരെയും നിര്‍ത്തി വീഡിയോ എടുക്കുകയും എല്ലാവരും കാനഡയിലെത്തിയെന്നു ഭീഷണിപ്പെടുത്തി പറയിപ്പിച്ച വീഡിയോ നാട്ടിലെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് പണം കൈക്കലാക്കുകയുമായിരുന്നു.
മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ട് ചേരാനല്ലൂര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇരകളായവരെല്ലാം എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവരാണ്.
Tags : Man arrested stealing job Seven people released Job fraud